ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

കൊല്ലം എഴുകോണില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതില്‍ ആര്‍പിഎഫ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. പാളത്തിൽ വച്ചിരുന്ന തടിയും തൊണ്ടിമുതലായി ഹാജരാക്കി. കൊല്ലം ചെങ്കോട്ട റെയില്‍ പാതയക്ക് ഇരുവശവും മുറിച്ചിട്ടിരിക്കുന്ന തടികൾ ഉടൻ നീക്കണമെന്ന് റൂറല്‍ എസ്പി റയില്‍വെയോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അട്ടിമറി ശ്രമം. എഴുകോൺ സ്റ്റേഷനിൽ നിന്നും 200 മീറ്ററോളം അകലെ പാളത്തിനു കുറുകെ വെച്ചിരുന്ന തടിയിൽ പാലരുവി എക്സ്പ്രസ് ഇടിച്ചു. തടിയുമായി ട്രെയിൻ 100 മീറ്ററിലധികം മുന്നോട്ടു പോയി. വേഗം കുറവായതിനാലാണ് ദുരന്തം ഒഴിവായത്. മനഃപൂർവം അപകടം ഉണ്ടാക്കാൻ ശ്രമിക്കുക ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ആര്‍പിഎഫ് കേസെടുത്തത്. തിരുനൽവേലിയില്‍ നിന്നു ആർപിഎഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.അന്വേഷണത്തിനു കേരള പൊലീസിന്റെ സഹായവും 

റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ്  തേടിയിട്ടുണ്ട്. കൊല്ലം ചെങ്കോട്ട പാതയക്ക് ഇരുവശമായി റെയില്‍വേ ഭൂമിയില്‍ മുറിച്ചിട്ടിരിക്കുന്ന മരങ്ങള്‍ ഉടന്‍ മാറ്റിയില്ലെങ്കില്‍ ക്രിമിനൽ കുറ്റമായി കണ്ട് നടപടി എടുക്കുമെന്നു റൂറൽ എസ്പി ഹരിശങ്കർ റെയിൽവേ അധികൃതർക്ക് നോട്ടിസ് നൽകി.