ഫണ്ട് അനുവദിച്ചു, എന്നിട്ടും റോഡില്ല; പിടിവാശിയിൽ പഞ്ചായത്ത്

കോട്ടയം ഉദയനാപുരത്ത്  റോഡ് നിര്‍മാണത്തിനായി ഫണ്ട് അനുവദിച്ചിട്ടും നിര്‍മാണം നടത്താതെ പഞ്ചായത്തിന്‍റെ അനാസ്ഥ. നാട്ടുകാര്‍ ഭൂമി വിട്ടു നല്‍കിയിട്ടും റോഡ് നിര്‍മിക്കില്ലെന്ന പിടിവാശിയിലാണ് പഞ്ചായത്ത്. റോഡ് നിര്‍മാണം അട്ടിമറിക്കുന്നതില്‍ രാഷ്ട്രീയ പകപോക്കലാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു

വൈക്കം ഉദയനാപുരം പഞ്ചായത്തിലെ നെറ്റിപുറം - താമരക്കാട് റോഡിന്റെ നിർമ്മാണമാണ് പ്രതിസന്ധിയിലായത്. പനമ്പുകാട് ഹരിജൻ സെറ്റിൽമെന്റ് കോളനിയിലെ 100 ലധികം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്നുതാണ് റോഡ്. റോഡിനായി അഞ്ച് വര്‍ഷം മുന്‍പേ ആവശ്യമുയര്‍ന്നു. ആറുമാസം മുന്‍പാണ് പട്ടികജാതി വികസന വകുപ്പ് റോഡ് നിര്‍മാണത്തിനായി 25ലക്ഷം രൂപ അനുവദിച്ചത്. റോഡിനായി ഒന്‍പത് വീട്ടുകാർ മുപ്പത് സെന്റിലധികം സ്ഥലവും വിട്ടു നൽകി. രണ്ട് മാസം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഉദയനാപുരം പഞ്ചായത്ത്, നാട്ടുകാര്‍ വിട്ടുനൽകിയ സ്ഥലം ആസ്ഥി രജിസ്ട്രറിൽ ഉള്‍പ്പെടുത്താന്‍ പോലും തയ്യാറായില്ല. ഇതാണ് റോഡ് നിര്‍മാണം എങ്ങുമെത്താത്തിന് കാരണം. 

സിപിഎം അനുകൂലികളായ കോളനിവാസികളിൽ ഒരു വിഭാഗംബിജെപിയില്‍ ചേർന്നതിന്റെ പ്രതികാരമാണ് പഞ്ചായത്തിന്റെ നടപടിയെന്നും ആക്ഷേപമുണ്ട്. കാല്‍നടയാത്രപോലും അസാധ്യമായ സ്ഥിതിയിലാണ് നിലവിലുള്ള റോഡ്. ചാക്ക് വിരിച്ചാണ് ചെളി നിറഞ്ഞ റോഡില്‍ നിന്ന് പലരും വീട്ടിലേക്ക് കയറുന്നത്. തടസങ്ങൾ നീക്കിറോഡ് നിർമ്മിക്കാൻ നടപടിയെടുക്കണമെന്ന പട്ടികജാതി കമ്മീഷന്‍റെ ഉത്തരവും പഞ്ചായത്ത് അവഗണിച്ചു. ഒരു മാസം മാത്രം ശേഷിക്കെ ഫണ്ട് നഷ്ടപ്പെടാതിരിക്കാൻ ജില്ലാ കളക്ടർ ഇടപെട്ട് ഉടൻ നടപടി എടുക്കണന്നാണ് കോളനി നിവാസികളുടെ ആവശ്യം