കിള്ളിയാറിന്റെ അവസ്ഥ പരിതാപകരം; വീണ്ടെടുക്കാനുള്ള ശ്രമം

ജനപങ്കാളിത്തതോടെ കിള്ളിയാർ ശുചീകരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. ഉത്ഭവസ്ഥാനമായ കരിഞ്ചാത്തിമൂല മുതൽ വഴയില പാലം വരെയുള്ള ഇരുപത്തിരണ്ട് കിലോമീറ്റർ ദുരമാണ് രണ്ടാം ഘട്ടത്തിൽ വൃത്തിയാക്കുന്നത്. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ആദ്യ ഘട്ടം പരാജയമായിരുന്നെങ്കിലും രണ്ടാം ഘട്ടത്തിൽ കിള്ളിയാറിനെ വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

മാലിന്യവും കയ്യേറ്റവും മൂലം തലസ്ഥാനത്തിന്റെ മാലിന്യവാഹിനിയായി മാറിയ കിള്ളിയാറിനെ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. കരിഞ്ചാത്തിമൂല മുതൽ  14 പ്രധാനയിടങ്ങൾ കേന്ദ്രീകരിച്ചാണ് രണ്ടാം ഘട്ട ശുചീകരണം. 2018ലായിരുന്നു കിള്ളിയാർ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചത്. ആദ്യ ഘടത്തിൽ പതിമൂന്നര കിലോമീറ്റർ ദൂരം വൃത്തിയാക്കി. 

പക്ഷെ ഉദ്ഘാടനദിവസത്തിന് ശേഷം കാര്യമായ പുരോഗതിയുണ്ടായില്ല. നെടുമങ്ങാടു മുതൽ പള്ളത്തുകടവു വരെ നീളുന്ന കിള്ളിയാറിന്റെ അവസ്ഥ വഴയില വരെയുള്ള ഭാഗങ്ങളിൽ മെച്ചമാണ്. കോർപ്പറേഷൻ പരിധിയിലുള്ള കിള്ളിയാറിന്റെ അവസ്ഥ തികച്ചും  പരിതാപകരവും. 

ഇവിടം കൂടി വൃത്തിയാക്കിയാൽ മാത്രമെ പുനരുജ്ജീവന പ്രവർത്തനങ്ങൾ പൂർണ തോതിലെത്തുകയുള്ളു. വൃത്തിയാക്കിയ ഭാഗങ്ങളിൽ  വീണ്ടും മാലിന്യം വലിച്ചെറിയുന്നതും കിള്ളിയാറിനെ മാലിന്യ വാഹിനിയാക്കി. 

ആഴത്തിലുള്ള മാലിന്യങ്ങൾ നീക്കുന്നതും, കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതും, വീതി കൂട്ടുന്നതുമായ പ്രവർത്തനങ്ങളാണ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടന്നത്. മന്ത്രിമാരായ തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ, കെ.രാജു, കടന്നപള്ളി രാമചന്ദ്രൻ തുടങ്ങിയവരും ശുചീകരണത്തിൽ പങ്കെടുത്തു.