ജോലിഭാരം അധികം; കശുവണ്ടി കോര്‍പറേഷന്‍ തൊഴിലാളികള്‍ സമരത്തില്‍

കശുവണ്ടി വികസന കോര്‍പറേഷന്റെ ഫാക്ടറികളിലെ തൊഴിലാളികള്‍ സമരത്തില്‍. തൊഴില്‍ പരിഷ്കരണത്തിന്റെ പേരില്‍ ജോലിഭാരം വര്‍ധിപ്പിച്ചെന്ന് ആരോപിച്ചാണ് സമരം. ഫാക്ടറികളും കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ആസ്ഥാനവും സ്ത്രീ തൊഴിലാളികള്‍ ഉപരോധിച്ചു.

കശുവണ്ടി വികസന കോര്‍പറേഷന്റെ  മുപ്പത് ഫാക്ടറികളിലെ ആയിരത്തി അഞ്ഞൂറിലധികം സ്ത്രീ തൊഴിലാളികള്‍ കഴിഞ്ഞ അഞ്ചു ദിവസമായി സമരത്തിലാണ്. കൂടിയാലോചനകള്‍ നടത്താതെ കോര്‍പ്പറേഷന്‍ ഏകപക്ഷീയമായി തൊഴില്‍ പരിഷ്ക്കരണം നടപ്പിലാക്കിയെന്നാണ് ആരോപണം.

സമരം ചെയ്യുന്നവരുമായി കോര്‍പ്പറേഷന്‍ ചര്‍ച്ചയ്ക്ക് തയാറാകാത്തതില്‍ പ്രതിഷേധിച്ച് ആസ്ഥാന മന്ദിരം തൊഴിലാളികള്‍ ഉപരോധിച്ചു. സമരം മൂലം കശുവണ്ടി വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ഓഫിസില്‍ കയറാനായില്ല. സമരം അനവാശ്യമാണെന്നും ജോലിഭാരം വര്‍ധിപ്പിക്കുകയല്ല ഏകീകരിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് കോര്‍പ്പറേഷന്റെ വിശദീകരണം.