അവഗണനയിൽ മുങ്ങി ജി വി രാജ സ്കൂൾ; പരിശീലനം നടത്താനാവാതെ വിദ്യാർത്ഥികൾ

കേരളത്തിന്റെ കായികകുതിപ്പുകള്‍ക്ക് നാഴികകല്ലായ ജി.വി.രാജ സ്കൂള്‍ അവഗണനയില്‍. വിദ്യാലയത്തിലെ മൈതാനങ്ങള്‍ ആധുനിക നിലവാരത്തിലേക്കുയര്‍ത്താന്‍ ആരംഭിച്ച പണികള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കിയിട്ടില്ല. ഇതോടെ വിദ്യാര്‍ഥികളുടെ പരിശീലനവും അവതാളത്തിലായിരിക്കുകയാണ്.

ഇന്ത്യയുടെ അഭിമാന താരങ്ങളായ ഷൈനി വില്‍സനും, ബീനാ മോളും, ശ്രീജേഷുമൊക്കെ പിച്ചവച്ച ഈ മൈതാനം ഇങ്ങനെ പൊളിച്ചിട്ടിട്ട് മാസം എട്ടുകഴിഞ്ഞു. ജൂണില്‍ അധ്യയനം ആരംഭിക്കുന്നതിന് മുമ്പ് നിര്‍മാണം മുഴുവന്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഹോക്കി ഗ്രൗണ്ടില്‍ ടര്‍ഫ് വിരിക്കാനുള്ള ജോലി മാത്രമാണ് അവശേഷിക്കുന്നതെങ്കിലും നാളിതുവരെയായി കരാറെടുത്ത കോണ്‍ട്രാക്ടര്‍ക്കും കായിക വകുപ്പിനും അനക്കമില്ല. സമാനമാണ് ഫുട്ബോള്‍ ഗ്രൗണ്ടന്റെയും അവസ്ഥ. ഇതോടെ വിദ്യാര്‍കള്‍ക്ക് പരിശീലനവും ലഭിക്കാതെയായി. നിലവില്‍ ആഴ്ച്ചയില്‍ ഒരുതവണ മാത്രമാണ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ എത്തിച്ച് പരിശീലനം നല്‍കുന്നത്. കായിക മന്ത്രിക്കടകം പരാതി നല്‍കിയിട്ടും കാര്യക്ഷമമായ ഇടപെടലുണ്ടാകുന്നില്ലെന്നാണ് പിടിഎയുടെ ആക്ഷേപം.