സ്നേഹപൂർവം 'ബഡ്സ് കോഫി'യുമായി ഭിന്നശേഷിക്കാർ; ഇത് പരിമിതികളെ മറികടന്ന വിജയം

പരിമിതികളെ തോല്‍പ്പിച്ച് സംരംഭകരായി മാറിയിരിക്കുകയാണ് തിരുവനനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരുകൂട്ടം ഭിന്നശേഷിക്കാര്‍. കുന്നതുകാല്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിന് സമീപമാണ് പത്തോളം ഭിന്നശേഷിക്കാരുടെ നേതൃത്വത്തില്‍ കട തുടങ്ങിയത്. പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് കട യാഥാര്‍ഥ്യമായത്.

കുറവുകളെ ഇഛാശക്തിയിലൂടെ മറികടന്ന ഇവര്‍ ഇനിമുതല്‍ സ്വന്തമായി അധ്വാനിച്ച് ജീവിക്കും. ഇവരുടെ കുറവുകളെ കഴിവുകളായി കണ്ട കുന്നത്തുകാല്‍ ഗ്രാമ പഞ്ചായത്ത് അധികൃതരും ചില സുമനസ്സുകളും ചേര്‍ന്നപ്പോള്‍ ഇവരുടെ സ്വപ്നം യാഥാര്‍ഥ്യമായി. ചായയും പലഹാരങ്ങളും വിവിധ ഉല്‍ന്നങ്ങളും ഇവിടെയുണ്ട്. കടയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഇവര്‍ തന്നെ നേരിട്ട് നടത്തും. കച്ചവടത്തിന്റെ ലാഭവിഹിതം എല്ലാവരും ഒരുപോലെ വീതിച്ചെടുക്കും. 

പാലിയോടുള്ള ഭിന്നശേഷി വിദ്യാലയത്തില്‍ നിന്നാണ് ഇവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചത്. ഉദ്ഘാടനത്തിനെത്തിയ പാറശ്ശാല എംഎല്‍എ സി.കെ.ഹരീന്ദ്രനും സംരംഭത്തിന് പൂര്‍ണ പിന്തുണയറിയിച്ചു. ഇവരുടെ കരവിരുതില്‍ നിര്‍മിക്കപ്പെട്ട വിവിധ വസ്തുക്കളും ഇവിടെ നിന്ന് ലഭിക്കും.