നാട്ടുകാരുടെ വഴിയടച്ച് ഫിഷറീസ് വകുപ്പ്; പ്രതിസന്ധിയിലായി 18 കുടുംബങ്ങൾ

കൊല്ലം അഴീക്കലില്‍ പതിനെട്ട് കുടുംബങ്ങളുെട വഴി അടച്ച് ഫിഷറീസ് വകുപ്പ്. വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന വീതിയുള്ള വഴി അടച്ചതിനു പകരം ഒരാള്‍ക്ക് കഷ്ടിച്ചു നടന്നു പോകാവുന്ന വഴിയാണ് തുറന്നു കൊടുത്തത്. മല്‍സ്യഫെഡിലെ ഒരു ഡയറക്ടര്‍ബോര്‍ഡ് അംഗത്തിന്റെ ഇടപെടലാണ് വഴി അടയക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 

ചെളികൊണ്ട് പണിത ഈ നടവരമ്പാണ് പതിനെട്ട് കുടുംബങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ള എഴുപതഞ്ചോളം ആളുകള്‍ക്കായി ഫിഷറീസ് വകുപ്പ് പണിത് നല്‍കിയതാണ് ഈ വരമ്പ്.

ഫിഷറീസ് വകുപ്പിന്റെ ഗവേഷണ കേന്ദ്രത്തിന്റെ തുറസായ സ്ഥലമായിരുന്നു ആലപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള പതിനെട്ട് കുടുംബങ്ങള്‍ വര്‍ഷങ്ങളായി വഴിയായി ഉപയോഗിച്ചിരുന്നത്. ഈ സ്ഥലത്താണ് മീന്‍വളര്‍ത്തലിനായി പുതിയ കുളം പണിതത്. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും മനുഷ്യാവകാശ കമ്മിഷനും നല്‍കി പരാതിയില്‍ അനുകൂലമായ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.