കാലാവധി കഴിഞ്ഞ മരുന്നുകള്‍ നൽകി; നിരവധി പേർ ചികിത്സയിൽ

തിരുവനന്തപുരം പാലോട്  മെഡിക്കൽ ക്യാംപിൽ നൽകിയ മരുന്നുകളെല്ലാം കാലാവധി ക‍ഴിഞ്ഞതെന്ന് പരാതി. മലമാരി ലക്ഷം വീട് കോളനിയിൽ ദളിത് ലീഗും പ്രീമിയർ ഹോസ്പ്പിറ്റലും ചേർന്ന് നടത്തിയ ക്യാംപിനെതിരെയാണ് നാട്ടുകാർ പരാതി നൽകിയത്. ക്യാംപിൽ നിന്ന് ലഭിച്ച മരുന്നുകൾ ക‍ഴിച്ച നിരവധിപേർ ചികില്‍സയിലാണ്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ്  മുസ്ലീം ലീഗിന്‍റെ പോഷക സംഘടനയായ ദളിത് ലീഗും പാലോട് പെരിങ്ങമലയിലെ പ്രീമിയർ ഹോസ്പിറ്റലും ചേർന്ന് മലമാരി ലക്ഷം വീട് കോളനിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാംപില്‍ പരിശോധനയ്ക്കെത്തിയ മൂന്ന് വയസുകാരിയായ കുട്ടിക്ക് എ‍ഴുതി നൽകിയ മരുന്നിന്‍റെ കാലാവധി പത്താം മാസത്തിൽ തന്നെ ക‍ഴിഞ്ഞതാണെന്ന്് വ്യക്തം. മറ്റൊരാൾക്ക് മുട്ടുവേദനക്ക് നൽകിയ ഒായിൻമെന്‍റിന്‍റെ കാലാവധി  ഓഗസ്റ്റില്‍ അവസാനിച്ചതാണ്. ഇങ്ങനെ നിരവധി പേർക്കാണ് മരുന്നുകൾ സൗജന്യമായി കാലാവധി കഴിഞ്ഞ മരുന്നുകള്‍ ലഭിച്ചത്. 

മരുന്നുകൾ ക‍ഴിച്ച നിരവധിപേർ അസ്വസ്തതെ തുടർന്ന് നെടുമങ്ങാട് താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. എന്നാൽ പരാതിയെ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.