പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര; അൽപശി ഉല്‍സവത്തിന് സമാപനം

അൽപശി ഉല്‍സവത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ ആറാട്ട് ഘോഷയാത്ര.  പദ്മനാഭ സ്തുതികളുമായി ആയിരങ്ങളാണ് ഘോഷയാത്ര കാണാനെത്തിയത്. ഒരു ഉല്‍സവത്തിന്റെ ഭാഗമായി വിമാനത്താവളം അടച്ചിടുകയെന്ന അത്യപൂര്‍വ്വത കൂടിയുണ്ട് പദ്മനാഭ സ്വാമിയുടെ ആറാട്ടിന്. 

ദീപാരാധന കഴിഞ്ഞതോടെ ആറാട്ട് എഴുന്നള്ളിപ്പിന് തുടക്കമായി...ക്ഷേത്രം വക ഗജവീരന്‍ മുമ്പില്‍ ...തൊട്ടു പിന്നില്‍ തിരുവിതാംകൂര്‍ സൈന്യം ടിപ്പുസുല്‍ത്താന്റെ സൈന്യത്തെ തുരത്തിയോടിച്ചപ്പോള്‍ പിടിച്ചെടുത്ത പച്ചനിറത്തിലുള്ള കോടിയേന്തിയ ഗജവീരന്‍...... അശ്വാരൂഢ സേന , വാളും പരിചയും ധരിച്ച നായര്‍ പടയാളികള്‍...ഗരുഡവാഹനത്തിൽ ശ്രീ പദ്മനാഭസ്വാമിയും നരസിംഹമൂർത്തിയും ശ്രീകൃഷ്ണസ്വാമിയും പുറത്തേയ്ക്കെഴുന്നെള്ളി.... 

ക്ഷേത്ര സ്ഥാനി മൂലം തിരുന്നാൾ രാമവർമ ഉടവാളുമേന്തി വിഗ്രഹങ്ങൾക്ക് അകമ്പടി സേവിച്ചു. തിരുവല്ലം പരശുരാമ ക്ഷത്രം, നടുവത്ത് മഹാവിഷ്ണു ക്ഷത്രം, അരകത്ത് ദേവി ക്ഷേത്രം, ചെറിയ ഉദേശ്വരം ക്ഷേത്രം എന്നിവിടങ്ങളില്‍  നിന്നുള്ള വിഗ്രഹങ്ങളും ഒപ്പം ചേര്‍ന്നു. വള്ളക്കടവില്‍ മുസ് ലിം സമുദായാംഗങ്ങളുടെ ഹാര്‍ദമായ വരവേല്പ് ... വിമാനത്താവളത്തിനകത്തു കൂടി ശംഖുമുഖത്തേയ്ക്ക്്. ആറാട്ടു കടന്നു പോകാന്‍ വൈകിട്ട് നാലു മണിമുതല്‍ ഒന്‍പതു മണിവരെ വിമാനത്താവളം അടച്ചു.  മൂന്നു തവണ കടലിൽ ആറാടിയ ശേഷം ഘോഷയാത്ര തിരികെ ക്ഷേത്രത്തിലേക്ക്. മനസുനിറഞ്ഞ് ഭക്തരുടെ മടക്കം.