പ്രകൃതിയേയും പച്ചപ്പിനെയും കൂട്ടുപിടിച്ച് ഏകാംഗ ചിത്രപ്രദര്‍ശനം

പ്രകൃതിയേയും പച്ചപ്പിനെയും കൂട്ടുപിടിച്ച് ആര്‍.ബി ഷജിത്തിന്‍റെ ഏകാംഗ ചിത്രപ്രദര്‍ശനം. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ വെച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

കുട്ടിക്കാലത്ത് കണ്ടതും ഇന്ന് മാഞ്ഞുപോകുന്നതുമായ നാട്ടിന്‍പുറ കാഴ്ച്ചകളാണ്  കണ്ണൂര്‍ സ്വദേശിയായ ഷജിത്തിന്‍റെ ചിത്രങ്ങളത്രയും. ജലഛായത്താല്‍ കോറിയിട്ട കാന്‍വാസുകളോരോന്നും പഴമയുടെ പെരുമ വിളിച്ചോതുന്നവ. കാടും, മലനിരകളും വയലുകളും മൃഗങ്ങളും എന്നു വേണ്ട തനിനാടന്‍ പ്രകൃതിയുടെ കൊച്ചുപതിപ്പുകളാണ് ചിത്രങ്ങളോരോന്നും. 

മുഗള്‍ മിനിയേച്ചര്‍ പെയിന്‍റിങ്ങുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ പെയിന്‍റിങുകളത്രയും. എന്തിനും മുകളില്‍ പ്രക‍ൃതിയാണെന്ന ആശയമാണ് ഷജിത്ത് ഈ ചിത്രങ്ങളിലൂടെ കാഴ്ച്ചക്കാരിലെത്തിക്കുന്നത്.

ഈ മാസം പന്ത്രണ്ടിന് ആരംഭിച്ച പ്രദര്‍ശനം പതിനെട്ടിന് അവസാനിക്കും