സ്വർണപാദസരം മോഷ്ടിച്ച് കടന്നു കളയാൻ ശ്രമം; കള്ളനെ കുടുക്കി സിസിടിവി

തിരുവനന്തപുരം നഗരത്തിലെ വസ്ത്രവ്യാപാരശാലക്കുള്ളില്‍ കുട്ടികളുടെ പാദസരം മോഷ്ടിച്ച കള്ളന്‍ ക്യാമറയില്‍ കുടങ്ങി. കുട്ടികളുടെ മാതാപിതാക്കളും കടയിലെ ജീവനക്കാരും ചേര്‍ന്ന് കള്ളനെ കയ്യോടെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചെങ്കിലും രക്ഷിക്കാന്‍ ശ്രമിക്കുന്നതായി പരാതി. ഇതോടെ ബാലാവകാശ കമ്മീഷനും കേസെടുത്തു. 

തിരുവനന്തപുരം നഗരത്തിലെ പ്രശസ്തമായ ഒരു വസ്ത്രവ്യാപാരശാലയില്‍ ഓണക്കച്ചവടം പൊടിപൊടിക്കുന്ന രംഗങ്ങളാണിത്. ആള്‍ക്കൂട്ടത്തിനിടയില്‍ കറങ്ങി നടക്കുന്ന ഒരാളെ ദൃശ്യങ്ങളില്‍ കാണാം. കൈക്കുഞ്ഞുങ്ങളുമായി കടയിെലത്തിയവരുടെ പിന്നാലെയാണ് കക്ഷിയുടെ നടപ്പ്. അങ്ങിനെ എട്ടാം തീയതി ഉച്ചയ്ക്ക് ഇയാള്‍ ഓണക്കോടിയെടുക്കാനെത്തിയ ഏണിക്കര സ്വദേശി അരുണ്‍കുമാറിന്റെ പിന്നാലെ കൂടി. അരമണിക്കൂറോളം ചുറ്റിപ്പറ്റി നടന്നു. കുഞ്ഞിന്റെ തൊട്ടടുത്തെത്തിയതിന് പിന്നാലെ കാലില്‍ കിടന്ന സ്വര്‍ണപാദസ്വരം കാണാതായി.

അന്നേ ദിവസം തന്നെ വിഴിഞ്ഞം സ്വദേശി ഷിനുവിന്റെ കുട്ടിയുടെ പാദസ്വരവും ഇതേ കടയില്‍വച്ച് കാണാതായി. പിറ്റേദിവസം അരുണ്‍കുമാര്‍ ഈ കടയിലെത്തിയപ്പോള്‍ ഇതേ വ്യക്തിയെ കാണുകയും പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. പേരൂര്‍ക്കട സ്വദേശി സുരേഷ് ബാബുവാണ് അങ്ങിനെ അറസ്റ്റിലും ജയിലിലുമായത്. നേരത്തെയും മോഷണക്കുറ്റത്തിന് സുരേഷ് പിടിയിലായിട്ടുണ്ട്. എന്നാല്‍ മോഷ്ടിച്ച സ്വര്‍ണം കണ്ടെടുത്ത് തെളിവ് ശേഖരിക്കാന്‍ പൊലീസ് തയാറാകുന്നില്ലെന്നും പ്രതിയെ രക്ഷിക്കാനാണ് ശ്രമമെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.