മൽസ്യബന്ധന വള്ളം മോഷണം പോയി; കനത്ത ജാഗ്രത: അന്വേഷണം ഊര്‍ജിതമാക്കി

കൊല്ലം ശക്തികുളങ്ങരയിൽ നിന്നു മൽസ്യബന്ധന വള്ളം മോഷണം പോയി. മൂന്നു വള്ളങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടെണ്ണം മണ്ണിൽ പുതഞ്ഞതിനെ തുടർന്നു മോഷ്ടാക്കൾ അവ ഉപേക്ഷിച്ചു. തീരങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ കാണാതായ ബോട്ടിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി. 

കടലിൽ പോയി തിരികെയെത്തിയ ശേഷം ശക്തികുളങ്ങര പാലത്തിന് സമീപം കെട്ടിയിട്ടിരുന്ന അല്‍ഫോന്‍സാമ എന്ന വള്ളമാണ് പുലര്‍ച്ചയോടെ കാണാതാത്. മൂന്നു വള്ളം കടത്തികൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും ഇരുന്നൂറു മീറ്റര്‍ അപ്പുറമുള്ള മണല്‍തിട്ടയില്‍ രണ്ടു വള്ളങ്ങള്‍ പുതഞ്ഞതിനെ തുടര്‍ന്നു ഇവ ഉപേക്ഷിച്ചു. മറ്റു വള്ളങ്ങളില്‍ നിന്നു മുന്നൂറ് ലിറ്ററിലധികം ഇന്ധനവും ജീവന്‍രക്ഷാ ഉപകരണങ്ങളും കാണാതായിട്ടുണ്ട്.

സംഭവത്തിൽ ഇതുവരെ അസ്വാഭാവികതകളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കനത്ത ജാഗ്രത തുടരുകയാണ്. കാണാതായ വള്ളം കണ്ടെത്താനായി തീരസംരക്ഷണ സേനയുടെ സഹായവും തേടിയിട്ടുണ്ട്.