വ്യാജ വെളിച്ചെണ്ണ ഒഴുകും ഓണക്കാലം; ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു

ഓണക്കാലത്ത് സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകമായി വിറ്റഴിക്കുന്നു. വെളിച്ചെണ്ണയെന്ന പേരിൽ വിറ്റിരുന്ന പാം ഓയിലും വെളിച്ചെണ്ണയും കലർത്തിയ മിശ്രിത എണ്ണ കൊല്ലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു. വ്യാജ വെളിച്ചെണ്ണയുടെ സാംപിള്‍ ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥരെ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നോക്കിനില്‍ക്കെ തട്ടിപ്പുകാര്‍ ത‍‍ടഞ്ഞു.

80 ശതമാനം പാം ഓയിൽ. 20 ശതമാനം വെളിച്ചെണ്ണ. ഈടാക്കുന്നത് വെളിച്ചെണ്ണയുടെ വിലയും. ഭക്ഷ്യസുരക്ഷാ വകുപ്പു കൊല്ലത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പിനായി വൻ തോതിൽ സംഭരിച്ചിരുന്ന എണ്ണയും പാം ഓയിലും കണ്ടെത്തി. കിളികൊല്ലൂർ പുത്തൻചന്തയ്ക്കു സമീപത്തെ സക്കീർ ഹുസൈന്റെ വീടിനോടു ചേർന്നുള്ള ഷെഡില്‍ നിന്നു മിശ്രിത എണ്ണ പിടിച്ചെടുത്തു. പുന്തലത്താഴത്ത് പ്രവർത്തിക്കുന്ന എ.എം ട്രേഡേഴ്സ് ലൈസൻസില്ലാതെ ഭക്ഷ്യവസ്തുക്കൾ സംഭരിക്കുകയും വിൽപനയ്ക്കായി ലേബലില്ലാത്ത കന്നാസുകളിൽ എണ്ണ നിറച്ചിരുന്നതായും കണ്ടെത്തി. ഇവിടെ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ കടയുടമയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് വേണ്ട സുരക്ഷ നല്‍കിയില്ലെന്ന് ആക്ഷേപമുണ്ട്. 

എ.എം ട്രേഡേഴ്സില്‍ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധന റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും കടയുടമയുടെ നേതൃത്വത്തിലുള്ള സംഘം മർദിച്ചു.