ബോട്ടുകളിൽ മോഷണം പതിവാകുന്നു; സിസി ടിവി സ്ഥാപിക്കണമെന്ന് മത്സ്യ തൊഴിലാളികൾ

കൊല്ലത്ത് മത്സ്യ ബന്ധന യാനങ്ങളില്‍ നിന്നു മോഷണം പതിവാകുന്നു. വലകളില്‍ ഉപയോഗിക്കുന്ന ഈയക്കട്ടികളാണ് പ്രധാനമായും മോഷണം പോകുന്നത്. മോഷണം പതിവായിട്ടും പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കാത്തതില്‍ തീരദേശ ജനത കടുത്ത അമര്‍ഷത്തിലാണ്. 

ശരാശരി വലിപ്പമുള്ള വലയിലെ ഈയക്കട്ടകള്‍ക്ക് ഒന്നരലക്ഷത്തോളം രൂപ വില വരും. വലിയ വലയാണെങ്കില്‍ അത് അഞ്ചുലക്ഷം രൂപ വരെയാകും. ഹാര്‍ബറില്‍ നങ്കുരമിടുന്ന യാനങ്ങളില്‍ നിന്നു ഈയക്കട്ടകള്‍ മോഷണം പോകുന്നത് കൊല്ലത്തിന്റെ തീരമേഖലയില്‍ പതിവായിരിക്കുകയാണ്.

ഓരോ തവണയും മത്സ്യതൊഴിലാളികള്‍ പൊലീസില്‍ പരാതി നല്‍കും. പക്ഷേ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഹാര്‍ബറുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പണി മുടക്കി പ്രതിഷേധിക്കാനാണ് ബോട്ടുടമകളുടെയും തൊഴിലാളികളുടെയും തീരുമാനം.