യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; പ്രതിഷേധവുമായി നാട്ടുകാർ

തിരുവല്ല നിരണത്ത് പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. വൈദ്യുതിവകുപ്പ് 

ജീവനക്കാരുടെ അനാസ്ഥയാണ്, മരണത്തിനു കാരണമെന്ന് ആരോപിച്ച് നാട്ടുകാർ നിരണത്തെ കെഎസ്ഇബി ഓഫിസ് ഉപരോധിച്ചു. ഇന്നലെ വൈകിട്ടാണ് ബുധനൂർ സ്വദേശി രാജീവ് തേവേരിയിൽ ഷോക്കേറ്റ് മരിച്ചത്. 

കേബിൾ ടിവി ജീവനക്കാരനായ രാജീവ് ഇന്നലെ വൈകിട്ടാണ്, പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. ജോലിക്കിടെയായിരുന്നു സംഭവം.  ഇതോടെയാണ് കെഎസ്ഇബിയുടെ അനാസ്ഥക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. ദിവസങ്ങളായി വൈദ്യുതിലൈൻ പൊട്ടിക്കിടക്കുന്ന വിവരം  

കടപ്ര സെക്ഷൻ ഓഫീസിൽ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചില്ലന്ന് നാട്ടുകാർ ആരോപിച്ചു. മരണവിവരം  അറിയിച്ചിട്ട്പോലും തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ച നാട്ടുകാർ പ്രതിഷേധത്തിലാണ്. ഇന്നലെ രാത്രി നിരണത്തെ കെഎസ്ഇബി ഓഫിസ് നാട്ടുകാർ ഉപരോധിച്ചു.

എന്നാൽ, ഉപരോധസമരം മുൻകൂട്ടി അറിഞ്ഞ ജീവനക്കാർ ഓഫിസ് പൂട്ടി പുറത്തുപോയിരുന്നു.  പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമ്പോൾ ഇനിയും പ്രതിഷേധം ഉടലെടുക്കാൻ സാധ്യത ഉണ്ടെന്നാണ് സൂചന. ഇതിനെതുടർന്ന് സ്ഥലത്ത് പോലിസ് നിരീക്ഷണം ശക്തമാക്കി. കുട്ടനാട് കേബിൾ വിഷൻ ജീവനക്കാരനായിരുന്നു മരിച്ച രാജീവ്.