മണ്ണപ്പംചുട്ടും അക്ഷരമെഴുതിയും മലയാളം പള്ളിക്കൂടത്തിന്റെ ആറാം ചുവട്

മണ്ണപ്പംചുട്ടും പൊരിമണലില്‍ അക്ഷരമെഴുതിയും മലയാളം പള്ളിക്കൂടത്തിന്റെ ആറാം ചുവട്. കവി വി.മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ രൂപമെടുത്ത മലയാളം പള്ളിക്കൂടത്തിന്റെ ആറാം പ്രവേശനോല്‍സവം തിരുവനന്തപുരത്ത് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മലയാളഭാഷയും സംസ്കാരവും അന്യംനിന്നുപോകാതിരിക്കാനുള്ള കൂട്ടായ്മയാണ് മലയാളം പള്ളിക്കൂടം.

മണ്ണപ്പം ചുട്ടുകളിച്ച കാലത്തിന്റെ മാത്രമല്ല, ആ സംസ്കാരത്തിന്റെ വീണ്ടെടുപ്പ് കൂടിയാണ് ഇവിടെ ഈ നിമിഷത്തില്‍. കുട്ടികളുടോപ്പം കൂടിയ അടൂര്‍ ഗോപാലകൃഷ്ണന് ഏറെ നേരം ഇതൊന്നും കണ്ടുനില്‍ക്കാനായില്ല. നീളന്‍കയ്യന്‍ ജൂബ തെറുത്തുകയറ്റി ചിരട്ടകയ്യിലെടുത്തു. ലക്ഷണമൊത്ത മണ്ണപ്പം തീര്‍ക്കാന്‍ കുട്ടികളോട് മല്‍സരിച്ചു. മണ്ണുതന്നെ നഷ്ടമാകുന്ന കാലം വരാതിരിക്കാനൊരുകരുതല്‍.

മലയാളം പള്ളിക്കൂടത്തില്‍ ആറാം പതിപ്പിന് തുടക്കമിട്ടത് പള്ളിക്കൂടത്തിന്റെ പ്രധാനാധ്യാപകന്‍ വട്ടപ്പറമ്പില്‍ പീതാംബരന്റെ നേതൃത്വത്തില്‍ പൊരിമണ്ണില്‍ അക്ഷരമെഴുതിച്ചാണ്.കളരിയാശാന്‍മാര്‍ അടിസ്ഥാനമിട്ട അക്ഷരപാരമ്പര്യത്തിന്റെ തുടര്‍ച്ച.മുന്‍വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന മലയാളം പള്ളിക്കൂടം പത്രിക ചടങ്ങില്‍ പ്രകാശിപ്പിച്ചു. ഗര്‍ഭാവസ്ഥയില്‍ തന്നെ കേട്ടുതുടങ്ങുന്ന ഭാഷയാണ് എല്ലാറ്റിനും അടിസ്ഥാനമെന്ന് അടൂര്‍ഗോപാലകൃഷ്ണന്‍ പറഞ്ഞു. സംവാദം, പ്രസംഗം, നാടകം, കാവ്യാലാപനം, സാംസ്കാരിക രംഗത്തെ പ്രമുഖരുമായി മുഖാമുഖം, മലയാളത്തനിമതേടിയുള്ള പഠനയാത്ര തുടങ്ങിയവയാണ് പാഠ്യപദ്ധതി. ഇക്കുറി മുതര്‍ന്ന കുട്ടികള്‍ക്കായി തട്ടകം എന്ന പുതിയ വിഭാഗവും ഉള്‍ക്കൊള്ളിച്ചു.