സർക്കാർ ഭൂമിയിൽ നിന്ന് കടത്തിയ മരം കണ്ടെത്തി

കൊല്ലം കടയ്ക്കലിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നു അനധികൃതമായി മുറിച്ചു കടത്തിയ മരങ്ങള്‍ കണ്ടെത്തി. കൊട്ടിയം ആദിച്ചനെല്ലൂരിലുള്ള സ്വകാര്യ വ്യക്തിയുടെ മില്ലില്‍ നിന്നാണ് കോടികള്‍ വിലവരുന്ന തടി കണ്ടെത്തിയത്. മരം മുറിക്കാനായി കരാര്‍ എടുത്ത കെമാല്‍പാഷ ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു.

കൃഷിവകുപ്പിന്റെ കോട്ടുക്കല്ലിലെ ഫാമില്‍ നിന്നാണ് അനധികൃതമായി മരങ്ങള്‍ മുറിച്ചു കടത്തിയത്. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നു എന്ന വ്യാജേനെയാണ് മാഞ്ചിയവും തേക്കും അടക്കമുള്ള വന്‍മരങ്ങള്‍ മോഷ്ട്ടിച്ചത്. കൃഷിഫാമിന്റെ മാനേജരുടെ ഒത്താശയോടെയായിരുന്നു അഴിമതി. വിവാദമായതോടെ സൂപ്രണ്ട് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ കൊട്ടിയത്തെ ഒരു സ്വകാര്യ തടിമില്ലില്‍ നിന്നു മരങ്ങള്‍ കണ്ടെത്തി.

കരാറുകാരനായ കെമാല്‍പാഷയ്ക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തു. ഒളിവിലുള്ള പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മരം മുറിക്കാന്‍ കരാറു നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. അഴിമതിക്ക് കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപിടയുണ്ടായേക്കും.