പുലിപ്പേടിയിൽ കൊടുങ്ങാവിള; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം നെയ്യാറ്റിന്‍കര കൊടുങ്ങാവിളയില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹം.  ഒരാഴ്ചയ്ക്കിടെ അജ്ഞാതജീവി  രണ്ട്  ആടുകളെ കൊന്നു തിന്നുകയും മറ്റ് വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്തു. പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ വനം വകുപ്പ് കൂട് സ്ഥാപിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു.

മൂന്നു ദിവസം മുമ്പ് ഫര്‍ണിച്ചര്‍ കടയിലെ പണികഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് പുലിയെ കണ്ടെതെന്ന് നാട്ടുകാരനായ ബിജു പറയുന്നു. ബിജുവിനെ കൂടാതെ പലരും പുലിയെ കണ്ടെന്ന് സാക്ഷ്യപ്പെടുത്തിയതോടെയാണ് പ്രദേശം പുലിപ്പേടിയിലായത്. ബിജു പുലിയെ കണ്ടെന്നു പറയുന്ന അതേ ദിവസമാണ് തൊട്ടടുത്ത വീട്ടിലെ  രവീന്ദ്രന്‍റെ  ആട്ടിന്‍ കുട്ടിയെ അജ്ഞാതജീവി കൊന്നുതിന്നത്. 

നാട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പുലിയുടെ സാന്നിധ്യത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് ഉദ്യോഗസ്ഥരും പറയുന്നു. അടുത്ത ദിവസം തന്നെ ഇവിടെ കൂട് സ്ഥാപിക്കാനും തീരുമാനമായി.നാട്ടിലിറങ്ങിയത് പുലിയല്ല എന്ന് ഉറപ്പ് വരുത്തുന്നത് വരെ രാത്രിയില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുകയോ വീടിന് പുറത്ത് ലൈറ്റില്ലാതെ ഇറങ്ങുകയോ ചെയ്യരുതെന്നും വനം വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.