സിപിഎം യൂണിയൻ നേതാവിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും പങ്കുചേർന്നു

തിരുവനന്തപുരം കോര്‍പറേഷനില്‍ സിപിഎം അനുകൂല യൂണിയന്‍ നേതാവിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് ഭരണപക്ഷത്തുള്ള സിപിഐ കൗണ്‍സിലര്‍മാരും. മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ നേതാവ് സുരേഷിനെതിരെയാണ് സിപിഎം കൗണ്‍സിലര്‍മാര്‍ ഒഴികെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തെത്തിയത്.  ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് റവന്യൂ ഇന്‍സ്പെക്ടര്‍ സുരേഷ് കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് ആരോപണം.

അപൂര്‍വ സംഭവവികാസങ്ങള്‍ക്കാണ് തിരുവനന്തപുരം കോര്‍പറേഷന്‍ ഇന്ന് സാക്ഷ്യം വഹിച്ചത്. ഭരണകക്ഷി അനുകൂല സംഘടനയായ കേരള മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്റെ നേതാവ് സുരേഷിനെതിരെയാണ് ഗുരുതര ആരോപണവുമായി ഭരണമുന്നണിയിലുള്‍പ്പെട്ട കൗണ്‍സിലര്‍മാരടക്കം രംഗത്തുവന്നത്. കോര്‍പറേഷന്‍ നിവാസിയ്ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സുരേഷ് കൈക്കൂലി ആവശ്യപ്പെട്ടെന്നും ഒരു വര്‍ഷമായി അപേക്ഷ പരിഗണിക്കുന്നില്ലെന്നും സിപിഐയിലെ സോളമന്‍ വെട്ടുകാട്  കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചു.  

പെന്‍ഷന്‍ വിഭാഗത്തിലെ ഒരു ജീവനക്കാരന്‍ പ്രായമായവരോട് മോശമായി പെരുമാറിയെന്ന് കോണ്‍ഗ്രസ് എസ് കൗണ്‍സിലര്‍ പാളയം രാജനും പരാതിപ്പെട്ടു. ഇതെത്തുടര്‍ന്ന് സോളമന്‍ വെട്ടുകാടിനും പാളയം രാജനും എതിരെ കോര്‍പ്പറേഷന്‍ അങ്കണത്തില്‍ സുരേഷിന്റെ നേതൃത്വത്തില്‍ സിപിഎം അനുകൂല സ്റ്റാഫ് യൂണിയനില്‍പെടുന്ന ജീവനക്കാര്‍ പ്രകടനം നടത്തി. 

കൗണ്‍സിലര്‍മാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന മുദ്രാവാക്യംവിളികളായിരുന്നു പ്രകടനത്തില്‍ മുഴങ്ങിയത്. ഇതോടെ കൗണ്‍സിലര്‍മാരെ ഒന്നടങ്കം അഴിമതിക്കാരായി ചിത്രീകരിച്ചെന്നും വ്യക്തിഹത്യ ചെയ്തെന്നും ആരോപിച്ച് കോര്‍പ്പറേഷന്‍ അങ്കണത്തില്‍ കൗണ്‍സിലര്‍മാര്‍ പ്രതിഷേധ ധര്‍ണ നടത്തി.  പ്രതിപക്ഷത്തെ കോണ്‍ഗ്രസ്, ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പുറമേ ഭരണകക്ഷിയായ സിപിഐയുടെ കൗണ്‍സിലര്‍മാരും പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു