പൊതുമരാമത്ത് അനുമതിയില്ല; തുറക്കാനാവാതെ അറവുശാല

തിരുവല്ല ഇരവിപേരൂര്‍ പഞ്ചായത്ത് നിര്‍മിച്ച, ആധുനിക അറവുശാല പ്രവര്‍ത്തനാനുമതിയില്ലാതെ അടഞ്ഞുകിടക്കുന്നു. വൈദ്യൂതിസംബന്ധമായ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തിന്‍റെ അനുമതി ലഭിക്കാത്തതാണ് കാരണം. ആധുനീകസാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ അറവുശാലയാണിത്. ‌‌

ഇരവിപേരൂര്‍ പഞ്ചായത്തില്‍ വള്ളംകുളം ചന്തയിലാണ് ഒരുകോടിയോളം രൂപ ചെലവില്‍ ആധുനികഅറവുശാല നിര്‍മിച്ചത്. കശാപ്പിനായുളള ഉപകരണങ്ങള്‍ അമേരിക്കയില്‍നിന്ന് എത്തിച്ച് രണ്ടുവര്‍ഷംമുന്‍പ് നിര്‍മാണം നടത്തി. അറവുമാടുകള കൊല്ലുന്നതിനും, മാലിന്യസംസ്കരണത്തിനും അണുവിമുക്തമായ സൗകര്യം തയ്യാറാക്കി. എല്ലാം ശാസ്ത്രീയമായ രീതിയില്‍തന്നെ. എന്നാല്‍ വൈദ്യുതി ലഭ്യമാക്കുന്നതിലുണ്ടായ ചട്ടങ്ങളും വ്യവസ്ഥകളും അറവുശാലയ്ക്ക് തിരിച്ചടിയായി. ശാലയ്ക്കുള്ളില്‍ ടൈല്‍സിന് പകരം സ്റ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മാണത്തിന്‍റെ പേരില്‍ വൈദ്യുതിനല്‍കുന്നതില്‍ അധികൃതര്‍ തടസമുന്നയിച്ചു. 

ന‌ടപടികളെല്ലാം പൂര്‍ത്തിയാക്കി നല്‍കിയെന്ന് പഞ്ചായത്ത് അവകാശപ്പെടുന്നു. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം സംസ്ഥാന ‌‌‌ടെക്നിക്കല്‍ കമ്മറ്റിയാണ് വൈദ്യുതിനല്‍കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത്. അനുമതി അനിശ്ചിതമായി വൈകുന്തോറും കെട്ടിടത്തിനുള്ളിലെ ഉപകരണങ്ങളും നശിക്കുകയാണ്. ന‌‌‌ടപ‌‌ടി ഉ‌‌ടനുണ്ടായില്ലെങ്കില്‍ ആധുനീകസാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ അറവുശാലകളിലൊന്ന് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട‌ിവരും. മു‌‌‌ടക്കിയ തുകയും പാഴാകും.