നെയ്യാറ്റിൻകരയിൽ വീണ്ടും പൈപ്പ് പൊട്ടി; അന്വേഷണം

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ തുടര്‍ച്ചയായ പൈപ്പ് പൊട്ടലുകളേക്കുറിച്ച് വാട്ടര്‍ അതോറിറ്റിയിലെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. മൂന്ന് മാസത്തിനിടെ പത്തിേലറെ തവണ പൈപ്പ് പൊട്ടിയതോടെയാണ് അന്വേഷണം. അതേസമയം തൊഴുക്കലിലെ അറ്റകുറ്റപ്പണി അവസാനഘട്ടത്തിലെത്തിയെങ്കിലും ജലവിതരണം പുനരാരംഭിക്കാന്‍ രണ്ട് ദിവസം കൂടി കഴിയും.

പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതും കുടിവെള്ളത്തിനായി നാട്ടുകാര്‍ കാത്തിരിക്കുന്നതും നെയ്യാറ്റിന്‍കരയില്‍ മഴക്കാലത്തും പതിവാണ്. ഇപ്പോള്‍ വില്ലനായിരിക്കുന്നത് തൊഴുക്കല്‍ വാട്ടര്‍ ടാങ്കിലേക്കുള്ള പൈപ്പാണ്. ഒരാഴ്ചയായി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നു. രണ്ട് മാസം മുന്‍പും സാമാനാവസ്ഥയുണ്ടാവുകയും ജലവിഭവവകുപ്പ് മന്ത്രി റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. അതിന് ശേഷവും പൈപ്പ് പൊട്ടലും നാട്ടുകാരുടെ പരാതിയും ആവര്‍ത്തിച്ചതോടെയാണ് ജലവിഭവവകുപ്പിലെ വിജിലന്‍സ് വിഭാഗത്തേക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചത്. പൈപ്പുകള്‍ സ്ഥാപിക്കുന്നതിലെ അഴിമതിയാണോ തുടര്‍ച്ചയായ പൊട്ടലിന് കാരണമെന്ന് പ്രത്യേകം പരിശോധിക്കാനാണ് നിര്‍ദേശം. അതേസമയം തൊഴുക്കലിലെ പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള നടപടി അവസാനഘട്ടത്തിലെത്തി. പക്ഷെ ഇപ്പോഴും കുടിവെള്ളക്ഷാമം പലിയിടത്തും രൂക്ഷമാണ്.

ഗ്രാമീണ മേഖലകളിലെ ഉള്‍പ്രദേശങ്ങളിലേക്കാണ് വെള്ളം ഇപ്പോഴും ഇത്താത്തത്. രണ്ട് ദിവസം കൂടിയെടുക്കുെമന്നാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്. നഗരസഭയുടെ നേതൃത്വത്തില്‍ ടാങ്കറുകളില്‍ വെള്ളം എത്തിച്ചാണ് പലയിടത്തെയും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നത്.