തീപിടിത്തതിന് കാരണം തേടി ഫയർഫോഴ്സ്; ഷോട്ട് സർക്യൂട്ടാണെന്ന് സംശയം

തിരുവനന്തപുരം പഴവങ്ങാടി ചെല്ലം അംബ്രല്ലാമാര്‍ട്ടിലെ തീപിടുത്തത്തിന് കാരണം തേടി ഫയര്‍ഫോഴ്സും പൊലീസും. ചവറ് കത്തിച്ചതില്‍ നിന്നാണോ ഷോര്‍ട്ട് സര്‍ക്യൂട്ട് വഴിയാണോ തീപടര്‍ന്നത് എന്നതാണ് സംശയം. എന്നാല്‍ കടയ്ക്ക് പിന്നില്‍ ചവര്‍ കൂട്ടിയിട്ട് കത്തിച്ചെന്ന ആരോപണം കടയുടമ നിഷേധിച്ചു. 

നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി ആളിപ്പടര്‍ന്ന തീയ്ക്ക് പിന്നിലെ കാരണം തേടുകയാണ് പൊലീസും ഫയര്‍ഫോഴ്സും. ഫോറന്‍സിക് വിഭാഗവും പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്ത് പരിശോധന നടത്തി. തലേദിവസം വൈകിട്ട് കടയ്ക്ക് പിന്നില്‍ ചവറ് കൂട്ടിയിട്ട് കത്തിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം ഫയര്‍ഫോഴ്സോ പൊലീസോ സ്ഥിരീകരിക്കുന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ കാരണമെന്ന് കണ്ടെത്താന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ പരിശോധന ആവശ്യമാണ്. 

രണ്ടുദിവസത്തിനകം ഫയര്‍ ഫോഴ്സ് സംഘം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കും. തീപിടുത്തത്തില്‍ ചെല്ലം അംബ്രല്ലാമാര്‍ട്ട് പൂര്‍ണമായും കത്തിനശിച്ചു. സമീപത്തുള്ള സുപ്രീം ലതേഴ്സിന്റെ ഗോഡൗണും അഗ്നിക്കിരയായി.  ചെല്ലം അംബ്രല്ലാ മാര്‍ട്ടിന് ഒന്നരക്കോടിയുടെയും സുപ്രീം ലതേഴ്സിന് 30 ലക്ഷത്തിന്റെയും നഷ്ടമാണ് കണക്കാക്കുന്നത്. സമീപത്തുള്ള രണ്ട് വീടുകള്‍ക്കും ചെറിയ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.