ഓലിക്കുളങ്ങര കോളനിയില്‍ കുടിവെള്ളമില്ലാതെ താമസക്കാര്‍

പത്തനംതിട്ട ഏനാത്ത് ഓലിക്കുളങ്ങര കോളനിയില്‍ കുടിവെള്ളമില്ലാതെ താമസക്കാര്‍.  ജല അതോരിറ്റിയുടെ ടാപ്പില്‍ വെള്ളമെത്തിയിട്ട് മൂന്നുമാസം പിന്നിട്ടു. കുടിവെള്ളമെത്തിക്കാന്‍ അധികൃതരോട് പരാതിപ്പെട്ടിട്ടും ഒരു ഫലവുമില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമാണ് ഓലിക്കുളങ്ങരകോളനി.കോളനിയിലെ ജലശ്രോതസുകള്‍ വറ്റിവരണ്ടു. പൊതുടാപ്പില്‍ വെള്ളമെത്തിയിട്ട് മൂന്ന്മാസത്തിലേറെയായി. ഈ സാഹചര്യത്തില്‍ കുടിവെള്ളമില്ലാതെ വലയുകയാണ് ഇവിടുത്തെ താമസക്കാര്‍.

വാഹനങ്ങളില്‍ വെള്ളമെത്തിച്ചുനല്‍കാനാവശ്യപ്പെട്ട് അധികൃതരെ കോളനിയിലെ താമസക്കാര്‍ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.ജലവിതരണത്തിനായി ചെറുകിടപദ്ധതിസ്ഥാപിച്ച് ഉദ്ഘാടനം ചെയ്തു. പക്ഷേ ഇതുവരെ വെള്ളം എത്തിയിട്ടില്ല. ജലസംഭരണിയും മോട്ടോര്‍ പുരയും അടയാളമായി ശേഷിക്കുന്നുണ്ട്. ഇനി പ്രത്യക്ഷസമരത്തിനിറങ്ങാനാണ് കോളനിക്കാരുടെ തീരുമാനം.