ജനകീയ കുടിവെള്ളപദ്ധതി; പത്തനംതിട്ടയിലെ വേറിട്ട മാതൃക

കുടിവെള്ളത്തിനായി നാടാകെ ബുദ്ധിമുട്ടുമ്പോള്‍ പരിഹാര മാതൃകയുമായി പത്തനംതിട്ട ഇരവിപേരൂർ പഞ്ചായത്ത്. ഒൻപതുലക്ഷം രൂപ ചെലവിൽ ജനകീയ പങ്കാളിത്തത്തോടെ നിർമിക്കുന്ന കുടിവെള്ള പദ്ധതി അടുത്തദിവസം കമ്മിഷൻ ചെയ്യും. 

കഴിഞ്ഞവര്‍ഷം വേനല്‍ കടുത്തപ്പോഴാണ് നന്നൂര്‍-പാറക്കടവ് റോഡ് വശങ്ങളില്‌‍ താമസിക്കുന്നവര്‍ കുടിവെള്ളപദ്ധതിക്ക് രൂപകല്പന തയ്യാറാക്കിയത്. സമീപത്തുള്ള തേളൂര്‍മല ലക്ഷംവീട് കോളനിയിലെ ചെറുകിട കുടിവെള്ള പദ്ധതിയായിരുന്നു മാതൃക. ആദ്യം മണിയനോടി പാടത്തിന് സമീപം തൊഴിലുറപ്പ് ജോലിക്കാരെവച്ച് കുളം നിർമിച്ചു. കുളത്തിൻറെ വശങ്ങൾ ബലപ്പെടുത്തുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളം ഉറപ്പായതോടെ റോഡിരുകിലൂടെ പൈപ്പും ത്രീഫേസ് കണക്ഷനും സ്ഥാപിച്ചു. ടാങ്ക് സ്ഥാപിക്കാനുള്ള സ്ഥലം ഉടമ സൌജന്യമായി നൽകി. പാറപ്പുറത്ത് ടാങ്ക് സ്ഥാപിക്കുന്നതിന് ചെലവേറുമെന്ന സാഹചര്യമുണ്ടായപ്പോൾ പഞ്ചായത്ത് സഹായത്തിനെത്തി. അഞ്ച് എച്ച്.പി മോട്ടോറും, ടാങ്കും , കുളത്തിന് സംരക്ഷണഭിത്തിയും പഞ്ചായത്തിൻറെ വാർഷിക പദ്ധതിയിൽപ്പെടുത്തി സ്ഥാപിച്ചു. ഫിൽട്ടറിങ് പ്ലാൻറ് സ്വകാര്യ കന്പനി സൌജന്യമായി നൽകി. കുളത്തിൻറെ നിർമാണം മുതൽ ജോലികൾ ചെയ്തതും ഏകോപനം നിർവഹിച്ചതുമെല്ലാം നാട്ടുകാരാണ്.

നിലവിൽ ഇരുപത്തിയാറ് കുടുംബങ്ങൾക്കായി വിഭാവനം ചെയ്ത പദ്ധതിയിൽ ഗുണഭോക്താക്കളാകാൻ കൂടുതൽപേർ രംഗത്തുവരുന്നുണ്ട്. ലൈനിൽനിന്ന് സ്വന്തം വീടുകളിലേക്കുള്ള കണക്ഷൻറെ മുഴുവൻ ചെലവും പദ്ധതിയുടെ പ്രവർത്തനച്ചെലവുമെല്ലാം ഗുണഭോക്താക്കൾതന്നെയാണ് വഹിക്കുന്നത്.

വിവിധ മേഖലകളുടെ സംയോജനം സാധ്യമാക്കിയ പദ്ധതി മാതൃകയാക്കി കുടിവെള്ള ക്ഷാമത്തെ നേരിടാനുള്ള ശ്രമത്തിലാണ് ഇരവിപേരൂർ പഞ്ചായത്ത്.