കൊല്ലം ടൗണ്‍ഹാളിന്റെ വാടക കുത്തനെ കൂട്ടി

പുതുക്കി പണിത കൊല്ലം ടൗണ്‍ഹാളിന്റെ  വാടക കുത്തന കൂട്ടി ഒന്നേകാല്‍ ലക്ഷത്തോളം രൂപയാക്കി.  സി.കേശവൻ സ്മാരക ടൗൺഹാൾ ഇനി സാധാരണക്കാരുടെ ചടങ്ങുകൾക്ക് കിട്ടാക്കനിയാകും.  വേണ്ടത്ര കൂടിയാലോചനയോ ഗസറ്റ് വിജ്ഞാപനമോ ഇല്ലാതെ നിരക്കു വർധിപ്പിച്ചതു മുന്‍സിപ്പൽ ആക്ടിന്റെ ലംഘനമാണെന്ന് യുഡിഎഫ് ആരോപിച്ചു.

സി.കേശവന്റെ പേരിലുള്ള കൊല്ലം ടൗണ്‍ഹാളിന്റെ നവീകരണ ജോലികള്‍ ആരംഭിച്ചിട്ട് കാലം ഏറെയായി. രണ്ടു ഘട്ടമായി ഏഴുകോടിയിലധികം രൂപ ചെലവഴിച്ചു.  നവീകരണത്തിനായി അടയ്ക്കുന്നതിനു മുൻപ് 25,000 രൂപയും നികുതിയുമായിരുന്ന വാടക. എന്നാലിനി വിവാഹം അടക്കമുള്ള ആവശ്യങ്ങള്‍ക്ക് ടൗണ്‍ഹാള്‍ ലഭിക്കണമെങ്കില്‍ ഒരുലക്ഷത്തിപതിനെണ്ണായിരം രൂപ നല്‍കേണ്ടി വരും. വാടക മൂന്നിരട്ടിയിലധികം വര്‍ധിപ്പിച്ചതിനെതിരെ കൗണ്‍സിലടക്കം യുഡിഎഫ് പ്രതിഷേധിച്ചെങ്കിലും നിരക്ക് കുറയ്ക്കാനാകില്ലെന്നാണ് എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന ഭരണ സമിതിയുെട നിലപാട്. 

പൊതു ഖജനാവില്‍ നിന്നുള്ള പണം കൊണ്ട് പുതുക്കി പണിത ടൗണ്‍ഹാളിന്റെ വാടക കുറച്ചില്ലെങ്കില്‍ കൗണ്‍സിലിനകത്തും പുറത്തും പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.