ഗതാഗതക്കുരുക്കിൽ നിന്നും വെഞ്ഞാറമൂടിന് മോക്ഷം; മേൽപ്പാലം ഉടൻ

തിരുവനന്തപുരം വെഞ്ഞാറമൂട് ജംങ്ഷനിലെ കുരുക്കഴിക്കാന്‍ മേല്‍പ്പാലം നിര്‍മാണത്തിന് വഴിയൊരുങ്ങുന്നു.  കിഫ്ബി വഴി തുകയനുവദിക്കുമെന്ന് ധനമന്ത്രി നിയമസഭയെ അറിയിച്ചു. വെഞ്ഞാറമൂട്ടിലെ ഗതാഗത തടസം മറികടക്കാന്‍ മനോരമ ന്യൂസ് സംഘടിപ്പിച്ച നാട്ടുകൂട്ടത്തിലുയര്‍ന്ന പ്രധാന ആശയമായിരുന്നു മേല്‍പ്പാല നിര്‍മാണം. 

ഗതാഗതക്കുരുക്കില്‍ നിന്ന് വെഞ്ഞാറമൂട് ജംങ്ഷന് ശാപമോക്ഷം. മേല്‍പ്പാല നിര്‍മാണത്തിനുള്ള രൂപരേഖയും എസ്ററിമേറ്റും തയാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചിരുന്നു. തുകയനുവദിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയതോടെ മേല്‍പ്പാല നിര്‍മാണത്തിനുള്ള തടസങ്ങളെല്ലാം നീങ്ങി. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർണമായും ഒഴിവാക്കിയാണ് വെഞ്ഞാറമൂട്ടിൽ മേൽപ്പാലം നിർമ്മിക്കുന്നത്. 450 മീറ്റർ നീളത്തിൽ 11.5 മീറ്റർ വീതിയിലാണ് മേൽപ്പാലം വരുന്നത്. ഇരുവശത്തും 3.5 മീറ്റർ വീതിയുള്ള സർവ്വീസ് റോഡുകളുമുണ്ടാകും. കൊട്ടാരക്കര റോഡിൽ ഐഒബി ബാങ്കിനു സമീപത്തു നിന്നും ആരംഭിച്ച് തിരുവനന്തപുരം റോഡിൽ ലീലാരവി ആശുപത്രിക്കും സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനുമിടയിലായി അവസാനിക്കുന്ന തരത്തിലാണ് മേൽപ്പാലത്തിന്റെ രൂപകൽപ്പന. 

മനോരമ ന്യൂസ് 'നാട്ടുകൂട്ടം' പരിപാടിയിൽ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ നിർദേശങ്ങൾ തേടിയിരുന്നു. നാട്ടുകൂട്ടത്തിലുയര്‍ന്ന പ്രധാന ആശയമായിരുന്നു മേല്‍പ്പാല നിര്‍മാണം. രണ്ടു മാസത്തിനകം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.