ഒറ്റയാൾ പോരാട്ടം ഫലം കണ്ടു; വട്ടത്രമല റോഡിലെ കയ്യേറ്റങ്ങൾ പൊളിച്ചുതുടങ്ങി

എട്ടുവര്‍ഷത്തെ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടു. കൊല്ലം കുണ്ടറയിലെ അഞ്ചുമുക്ക് വട്ടത്രാമലവിള റോഡിലെ കയ്യേറ്റങ്ങള്‍ പൊളിച്ചു തുടങ്ങി. അഞ്ചുമുക്ക് സ്വദേശി രവീന്ദ്ര പ്രസാദ് രണ്ടായിരത്തി പത്തില്‍ തുടങ്ങിയ പോരാട്ടമാണ് ഫലംകണ്ടത്. 

ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ അഞ്ചുമുക്ക് വട്ടത്രാമലവിള റോഡില്‍ പതിനഞ്ചോളം കയേറ്റങ്ങളാണ് ഉണ്ടായിരുന്നത്. ആറര മീറ്റര്‍ വീതിയുള്ള റോഡ് പലയിടത്തം പകുതിയായി ചുരുങ്ങി. കയ്യേറ്റങ്ങള്‍ക്കെതിരെ അഞ്ചുമുക്ക് സ്വദേശിയായ രവീന്ദ്ര പ്രസാദ് രണ്ടായിരത്തി പത്തില്‍ പോരാട്ടം ആരംഭിച്ചു. ജനപ്രതിനിധികള്‍ക്കും ജില്ലാ കലക്ടറടക്കമുള്ള റവ്യനൂ ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ചു. ഹൈക്കോടതി വരെ നീണ്ട നിയമയുദ്ധം വിജയം കണ്ടു. എന്നിട്ടും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പഞ്ചായത്ത് തയാറായില്ല. വീണ്ടും രവീന്ദ്ര പ്രസാദ് ഹൈക്കോടതിയെ സമീപിച്ചു.

കൈയ്യേറ്റങ്ങള്‍ പൊളിച്ചു മാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസ് സുരക്ഷയില്‍ കയ്യേറ്റങ്ങള്‍ പൊളിച്ചു തുടങ്ങി.