വെള്ളത്തിലെ അണുബാധ; താറാവുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു

അപ്പര്‍കുട്ടനാട്ടില്‍ പ്രളയത്തെ അതിജീവിച്ച താറാവുകള്‍ വ്യാപകമായി ചത്തൊടുങ്ങുന്നു. പത്തുദിവസത്തിനിടെ ആയിരക്കണക്കിന് താറാവുകളാണ് ചത്തത്. ജലത്തില്‍നിന്നുള്ള അണുബാധയാണ് രോഗകാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

പ്രളയത്തില്‍നിന്ന് കരകയറി വരുന്നതിനിടെയാണ് തോട്ടുനിലത്ത് സജിയുടെ താറാവുകള്‍ കൂട്ടത്തോടെ ചത്തുതുടങ്ങിയത്. കുതിച്ചുകയറിയ പ്രളയജലത്തിനൊപ്പം ആകെയുണ്ടായിരുന്ന പതിമൂവായിരത്തിലധികം താറാവുകളില്‍ ഏഴായിരമെണ്ണവും നഷ്ടപ്പെട്ടു. വെള്ളമിറങ്ങി ഉള്ളതുകൊണ്ട് പിടിച്ചുനില്‍ക്കാമെന്ന് കരുതിയപ്പോഴേക്കും താറാവുകള്‍ കൂട്ടത്തോടെ ചത്തുതുടങ്ങി. പത്തുദിവസത്തിനിടെ നാലായിരത്തിഅഞ്ഞൂറോളമെണ്ണമാണ് ചത്തത്. മൃഗാശുപത്രിവഴി ലഭിച്ച മരുന്ന് നല്‍കിയിട്ടും ഫലമുണ്ടായില്ല.

സജിയെപ്പോലെ അപ്പര്‍കുട്ടനാട് മേഖലയിലെ നിരവധി കര്‍ഷകര്‍ക്കാണ് വലിയ നഷ്ടമുണ്ടായത്. പ്രളയത്തിനുശേഷമുള്ള മലിനജലത്തില്‍നിന്നുള്ള അണുബാധയാണ് പ്രശ്നകാരണമെന്നാണ് തിരുവല്ലയിലെ പക്ഷിരോഗ നിര്‍ണയകേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. താറാവുകളെ നിലവില്‍ പാര്‍പ്പിച്ചിരുന്ന സ്ഥലത്തുനിന്ന് മാറ്റാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയും പുതിയ മരുന്ന് നല്‍കുകയും ചെയ്തി‌ട്ടുണ്ട്.