പൊളിഞ്ഞ സ്കൂൾ കെട്ടിടം വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാകുന്നു

കൊല്ലം പത്തനാപുരം കമുംകുംചേരി സര്‍ക്കാര്‍ യുപിഎസിലെ പകുതി പൊളിഞ്ഞ കെട്ടിടം വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാകുന്നു. കെട്ടിടാവശിഷ്ട്ടങ്ങള്‍ നീക്കം ചെയ്യാനോ ബാക്കി ഭാഗം പൊളിച്ചു മാറ്റാനോ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് രക്ഷകര്‍ത്താക്കള്‍ ആരോപിക്കുന്നു.

രണ്ടുമാസം മുന്‍പ് മഴയത്ത് പൊളിഞ്ഞുവീണതാണ് കമുംകുംചേരി സര്‍ക്കാര്‍ യുപിഎസിലെ കാലപഴക്കം ചെന്ന കെട്ടിടത്തിന്റെ ഒരു ഭാഗം. ബാക്കി ഭാഗം ഏത് നിമിഷവും തകര്‍ന്നു വീഴാം. കുട്ടികള്‍ കടന്നു പോകുന്ന വഴിയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന കെട്ടിടം പൂര്‍ണമായി പൊളിച്ചു നീക്കണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടാതാണ്. എന്നാല്‍ പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

കെട്ടിടം പൊളിക്കാത്തതു മൂലം പുനരുപയോഗിക്കാന്‍ സാധിക്കുന്ന കട്ടിളയും ജനലുമടക്കമുള്ള സാമഗ്രികള്‍ മഴയത്ത് നശിക്കുകയാണ്. കെട്ടിടാവശിഷ്ട്ടങ്ങള്‍ നീക്കം ചെയ്യാനും ബാക്കി ഭാഗം പൊളിച്ചു മാറ്റനും പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാര്‍.