വനപാലകർ പിടികൂടിയ കുട്ടിയാന ചരിഞ്ഞത് വിവാദത്തിൽ

പത്തനംതിട്ട മൂഴിയാറില്‍ വനപാലകര്‍ പിടികൂടിയ കുട്ടിയാന ചരിഞ്ഞസംഭവം വിവാദത്തില്‍. വനപാലകര്‍ ആനയെ റോഡിലിട്ട് കയര്‍ കെട്ടി പിടികൂടുന്നതടക്കമുള്ള വീഡിയോദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വനത്തിനുള്ളില്‍ ജീവനക്കാര്‍ ആനയെ പിടികൂടുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് അതീവ ഗൗരവത്തോടെയാണ് വനംവകുപ്പ് മേലധികാരികള്‍ കാണുന്നത്.

വീഡിയോ സമൂഹമാധ്യമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ ഇടയായ സാഹചര്യം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആനപിടുത്തത്തില്‍ പങ്കാളികളായ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അടക്കം അഞ്ച് വനംവകുപ്പ് ജീവനക്കാര്‍ക്ക് ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ആനക്കുട്ടിയെ പിടികൂടി കയറില്‍കെട്ടി റോഡില്‍ വെള്ളത്തില്‍ ഇട്ടപ്പോള്‍ ശ്വാസകോശത്തില്‍ വെള്ളംകയറിയത് ആനക്കുട്ടിയുടെ ആരോഗ്യനിലയെ ബാധിച്ചുവെന്ന് ആരോപണം ഉണ്ട്. 

ആനക്കുട്ടിയെ പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമായാണ് കാണുന്നത്. പതിനൊന്നാം തീയതിയാണ് ആങ്ങമൂഴി ഗവി റൂട്ടില്‍ കൂട്ടം തെറ്റി അവശനിലയിലായ ആനക്കുട്ടി എത്തിയത്.  കാട്ടിലേക്ക് മടങ്ങിയ ആന രണ്ടുദിവസത്തിന് ശേഷം വീണ്ടും റോഡിലെത്തി. തീറ്റയെടുക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ആന. 15നാണ് വനപാലകര്‍ ആനക്കുട്ടിയെ പിടികൂടിയത്.