മഴക്കെടുതി, അപ്പർകുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാംപിൽ നൂറുകണക്കിനു പേർ

മഴക്കെടുതിയെ തുടര്‍ന്ന് അപ്പര്‍കുട്ടനാട് മേഖലയിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്തുന്നവരു‍ടെ എണ്ണത്തില്‍ വന്‍വര്‍ധന. ഒറ്റദിവസംകൊണ്ട് നൂറുകണക്കിന് ആളുകളാണ് ക്യാംപുകളിലേക്ക് എത്തിയത്. 

അപ്പര്‍കു‌ട്ടനാ‌ട് മേഖലയില്‍പ്പെട്ട തിരുവല്ല താലൂക്കില്‍മാത്രം ഒന്‍പത് ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. മഴയ്ക്ക് ശമനമുണ്ടെങ്കിലും കിഴക്കന്‍പ്രദേശങ്ങളില്‍ കഴി‍ഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴവെള്ളം കുട്ടനാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അന്‍പതില്‍താഴെ ആളുകളുമായി തുടങ്ങിയ പല ദുരിതാശ്വാസ ക്യാംപുകളിലും എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. കടപ്രയിലെ രണ്ട് ക്യാംപുകളിലായുള്ള അഞ്ഞൂറുപേരുള്‍പ്പെടെ ആയിരത്തോളംപേരാണ് അപ്പര്‍കുട്ടനാട്ടില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. മഴക്കെടുതി നേരിടുന്നതിനായി വില്ലേജ് ഓഫിസുകളും സിവില്‍ സപ്ലൈസ് ഓഫിസുകളും അവധിദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്.

പുറമേനിന്ന് വരുന്ന വെള്ളം തോടുകളിലേക്ക് കയറുന്നത് ഷട്ടറുകള്‍ സ്ഥാപിച്ച് തടഞ്ഞാല്‍ വെള്ളപ്പൊക്കം നിയന്ത്രിക്കാമെന്ന് നാട്ടുകാര്‍ പറയുന്നു. ക്യാംപുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ മന്ത്രി മാത്യു ടി.തോമസ്, മഴക്കാലത്തിനുശേഷം നാട്ടുകാരുടെ നിര്‍ദേശത്തെക്കുറിച്ച് പരിശോധിക്കാമെന്ന് ഉറപ്പും നല്‍കി. വീടുകള്‍ക്കും, കൃഷിക്കുമുണ്ടായ നാശത്തെക്കുറിച്ച് വരുംദിവസങ്ങളില്‍ കണക്കെടുപ്പ് നടത്തും.