കനത്ത മഴ, കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

കോട്ടയത്ത് നാല് ദിവസമായി തുടരുന്ന കനത്ത മഴയില്‍  വൈക്കം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മൂവാറ്റുപുഴയാറും കരകവിഞ്ഞൊഴുകിയതോടെ നൂറിലധികം വീടുകളിലാണ് വെള്ളം കയറിയത്. വെള്ളപ്പൊക്ക ഭീഷണി രൂക്ഷമായിട്ടും പ്രദേശത്ത് ദുരിതാശ്വാസ ക്യാംപുകള്‍ ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. 

വൈക്കം താലൂക്കിലെ  വടയാർ, വാഴമന, കാളിവേലി ,കോരിക്കൽ, പഴംപെട്ടി ,മുണ്ടാർ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കനത്ത മഴക്കൊപ്പം മൂവാറ്റുപുഴയാറിന്‍റെ കൈവഴികളും കരകവിഞ്ഞൊഴുകിയതോടെയാണ് പ്രദേശങ്ങൾ വെള്ളപൊക്ക ഭീഷണിയിലായത്. കാളിവേലി, പഴം പെട്ടി മേഖലകളില്‍ 25 ലേറെ വീടുകളുടെ മുക്കാല്‍ഭാഗവും വെള്ളത്തിനടിയിലാണ്. നൂറിലേറെ വീടുകള്‍ ഏത് നിമിഷവും വെള്ളത്തില്‍മുങ്ങുമെന്ന് അവസ്ഥയിലാണ്. വെള്ളം കയറിയ വീടുകളിൽ നിന്ന് കുട്ടികളെയടക്കം ബന്ധുവീടുകളിലേക്ക് മാറ്റി. വാഹനഗതാഗതം തടസപ്പെട്ടതോടെ വീട്ടുപകരണങ്ങളില്‍ ഭൂരിഭാഗവും വെള്ളം കയറി നശിച്ചു. പ്രാഥമികാവശ്യങ്ങൾ  നിറവേറ്റാൻ കഴിയാത്ത സ്ഥിതിയിലാണ് പ്രദേശവാസികൾ. വെള്ളം കയറിയതോടെ പശുക്കളെയും ആടുകളെയും സംരക്ഷിക്കാനാവാതെ സാധാരണക്കാരായ ക്ഷീര കർഷകരും പ്രതിസന്ധിയിലാണ്. 

നൂറിലേറെ കുടുംബങ്ങള്‍ ദുരിതതുരുത്തില്‍ അകപ്പെട്ടിട്ടും പ്രദേശത്ത് ദുരിതാശ്വാസ ക്യാംപ് തുടങ്ങാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. മറ്റുമാര്‍ഗങ്ങളില്ലാതായതോടെ രണ്ടുപേര്‍ വാഴമന കമ്മ്യൂണിറ്റി ഹാളില്‍ അഭയം തേടി. വെള്ളപൊക്ക കെടുതികളുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ മറുപടി. പെരുമഴപ്പെയ്ത്തു തുടരുന്നതിനാല്‍ ജില്ലയിൽ കൂടുതൽ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപുകളിലേക്ക് അഭയം തേടി. 409 പേരാണ് നിലവില്‍ 18 ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്.