തിരുവനന്തപുരം നഗരത്തില്‍ റേഷന്‍വിതരണം നിലച്ചു

തിരുവനന്തപുരം നഗരത്തില്‍ റേഷന്‍വിതരണം നിലച്ചു. ഇ പോസ് മെഷീന്‍ സ്ഥാപിച്ച 44 കടകളിലാണ് സ്റ്റോക്കുണ്ടായിട്ടും മൂന്നാഴ്ചയായി ധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയുള്ളത്. സ്റ്റോക്ക് സംബന്ധിച്ച വിശദാംശങ്ങള്‍ ഇ പോസ് മെഷിനീല്‍ അപ് ലോഡ് ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണം. 

മൂന്നാഴ്ചയായി അരി വാങ്ങാന്‍ വരുന്നവര്‍ക്ക് നഗരത്തിലെ റേഷന്‍കടകളില്‍ നിന്ന് കിട്ടുന്ന മറുപടിയാണിത്. നിറയെ സ്റ്റോക്കുണ്ടെങ്കിലും ഒരു കിലോ പോലും വിതരണം ചെയ്യാന്‍ പറ്റാത്ത അവസ്ഥ. കഴിഞ്ഞ മൂന്നിനാണ് റേഷന്‍വിതരണം കുറ്റമറ്റതാക്കാന്‍ 44 കടകളിലും ഇപോസ് മെഷീന്‍ നല്‍കിയത്. എന്നാല്‍ ഇതുവരെ സാധനങ്ങളുടെ സ്റ്റോക്ക് സംബന്ധിച്ച വിവരവും മെഷീനില്‍ അപ് ലോഡ് ചെയ്തിട്ടില്ല. 

ഇ പോസ് മെഷീന്‍ ഏര്‍പ്പെടുത്തിയതോടെ പഴയതുപോലെ ബുക്കില്‍ രേഖപ്പെടുത്തി ‌വില്‍പന നടത്താനും പറ്റില്ല.

സപ്ലൈകോ കടകളില്‍ എത്തിക്കുന്ന അരിയും ഗോതമ്പും തൂക്കത്തില്‍ കുറവാണന്നും ഗുണനിലവാരമില്ലാത്തതാണന്നും വ്യാപാരികള്‍ ആരോപിക്കുന്നു. ഇപോസ് മെഷീന്റ സാങ്കേതികപ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അരിയും ഗോതമ്പും കടകളില്‍ കെട്ടിക്കിടന്ന് നശിക്കും.