കോഴി കര്‍ഷകരെ ആശങ്കയിലാഴ്ത്തി തെരുവുനായ്ക്കൂട്ടം വിലസുന്നു

തിരുവനന്തപുരത്ത് കോഴി കര്‍ഷകരെ ആശങ്കയിലാഴ്ത്തി തെരുവുനായ്ക്കൂട്ടം വിലസുന്നു. കഴക്കൂട്ടത്ത് കഴിഞ്ഞ രണ്ടു ദിവസമായി നായ്ക്കൂട്ടം കടിച്ചുകൊന്നത് മുന്നൂറോളം കോഴികളെയാണ്. നഗരത്തില്‍ തെരുവുനായ ശല്യം കുറഞ്ഞെങ്കിലും നഗരാതിര്‍ത്തിയില്‍ രൂക്ഷമാണ്. 

തിരുവനന്തപുരം ഞണ്ടൂര്‍ക്കോണം അയിരൂപ്പാറ സ്വദേശിനികളായ ഷിജിലയുടെയും സോഫിയയുടെയും മുട്ടക്കോഴികളെയാണ് തെരുവുനായ്ക്കൂട്ടം കടിച്ചു കൊന്നത്. അയല്‍വാസികളായ വീട്ടമ്മമാര്‍ ബാങ്ക് വായ്പ്പയെടുത്തു വളര്‍ത്തിയ കോഴികളാണ് പതിനഞ്ചേളം നായ്ക്കളുടെ ആക്രമണത്തില്‍ ഇല്ലാതായത്. വീടിനോട് ചേര്‍ന്നുള്ള കൂടുകള്‍ തകര്‍ത്ത് നായക്കൂട്ടം കോഴികളെയെല്ലാം കൊന്നൊടുക്കി.

വിരട്ടിയോടിക്കാന്‍ ശ്രമിച്ച നാട്ടുകാരെയും നായ്ക്കൂട്ടം ആക്രമിച്ചു. സമീപ പ്രദേശങ്ങളായ കാട്ടായിക്കോണത്തും, പോത്തന്‍കോടും തെരുവുനായ ശല്യം രൂക്ഷമാണ്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ട്ടമാണ് ഉണ്ടായത്. നഷ്ട്ടപരിഹാരത്തിന് നഗരസഭയെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. വര്‍ക്കലയിലും ഇതിനുമുമ്പ് പലകുറി തെരുവുനായ്ക്കള്‍ ഇറച്ചിക്കോഴികളെ കൊന്നൊടുക്കിയിരുന്നു.