പൊങ്കാല കഴി‍ഞ്ഞ് മണിക്കൂറുകള്‍ക്കകം നഗരം വെടിപ്പാക്കി നഗരസഭ

ആറ്റുകാല്‍ പൊങ്കാല കഴി‍ഞ്ഞ് മണിക്കൂറുകള്‍ക്കകം നഗരം വെടിപ്പാക്കി നഗരസഭ. നഗരത്തിലെ പ്രധാനസ്ഥലങ്ങള്‍ പൊങ്കാല കഴിഞ്ഞ് മൂന്നുമണിക്കൂറിനകം വൃത്തിയാക്കി. ഏഴുമണിക്കുശേഷം  നഗരം പൂര്‍ണമായി വൃത്തിയാക്കി റോഡുകള്‍ കഴുകും.

ഇതേ സ്ഥലത്തെ കാഴ്ചകാണുക. ആറ്റുകാല്‍ ക്ഷേത്രപരിസരം,  എം.ജി റോഡിന്റെ മറ്റുഭാഗങ്ങള്‍, സ്റ്റാച്യു തുടങ്ങിയ സ്ഥലങ്ങളും മൂന്നു മണിക്കൂര്‍ കൊണ്ട് വൃത്തിയാക്കി. എന്നാല്‍ ഇടറോഡുകള്‍ വൃത്തിയാക്കാന്‍ വൈകി. 3350 തൊഴിലാളികളാണ് നഗരം ശുചിയാക്കാനിറങ്ങിയത്. 60 ലോറികളും 25 പിക്കപ്പ് ഓട്ടോകളും മാലിന്യം നീക്കി. പൊങ്കാല കാണാനെത്തിയ സഞ്ചാരികളും നഗരസഭയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.

ഗ്രീന്‍ പ്രോട്ടോക്കോള്‍ ഒരു പരിധിവരെ പാലിക്കാനായത് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് ഗണ്യമായി കുറച്ചു. ശേഖരിക്കുന്ന മാലിന്യങ്ങള്‍ സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ കത്തിച്ചുകളഞ്ഞു. ഏഴുമണിക്കുശേഷം 10 വാഹനങ്ങള്‍ ഉപയോഗിച്ച് പ്രധാനനഗരവീഥികളില്‍ കൃത്രിമമഴപെയ്യിച്ച് അവസാനമാലിന്യവും കഴുകിക്കളയും.