അടിസ്ഥാനസൗകര്യങ്ങളില്ലാതെ അയിരൂര്‍ വില്ലേജ് ഓഫീസ്

തിരുവനന്തപുരം വര്‍ക്കലയിലെ അയിരൂര്‍ വില്ലേജ് ഓഫീസില്‍ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ദുരിതം. ശുചിമുറിയോ ഇരിക്കാന്‍ സൗകര്യമോ പോലുമില്ലാത്തതാണ് വില്ലേജ് ഓഫീസിലെത്തുന്നവരെ വലയ്ക്കുന്നത്.   

സാധാരണയായി ജീവനക്കാരില്ലാത്തതാണ് മിക്ക സര്‍ക്കാര്‍ ഓഫീസിലെയും പ്രധാന പ്രശ്നം. വര്‍ക്കലയ്ക്ക് സമീപമുള്ള അയിരൂര്‍ വില്ലേജ് ഓഫീസില്‍ കാര്യങ്ങള്‍ അങ്ങിനെയല്ല. ആവശ്യത്തിന് ജീവനക്കാരുണ്ട് അവര്‍ തരക്കേടില്ലാത്ത വിധം ജോലി ചെയ്യുന്നുമുണ്ട്. പക്ഷെ ജീവനക്കാര്‍ക്കോ അവിടെയെത്തുന്ന നാട്ടുകാര്‍ക്കോ വേണ്ട സൗകര്യങ്ങളൊന്നുമില്ലാത്തതാണ് ഇവിടത്തെ പ്രശ്നം. 

പത്ത് പേര്‍ ഒരുമിച്ചെത്തിയാല്‍ നിന്ന് തിരിയാല്‍ ഇടമില്ലാതായി മാറും. ശുചിമുറിയുമില്ല. ഓഫീസ് പ്രവര്‍ത്തനം തുടങ്ങി കാല്‍നൂറ്റാണ്ടായിട്ടും ചുറ്റുമതില്‍ പോലും നിര്‍മിക്കാനും സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടില്ല. വില്ലേജ് ഓഫീസുകള്‍ ഹൈടെക് ആക്കുന്ന പദ്ധതിയില്‍ അയിരൂരിനെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്.