അഴിമതി ഇല്ല, സേവനം അതിവേഗം, ഹാപ്പിയായി ജനങ്ങൾ; മാതൃകയായി വില്ലേജ് ഓഫിസ്

സേവനങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ഒാഫീസുകളെ പഴി പറയുന്നവര്‍ക്കെല്ലാം മാതൃകയായി ചൂണ്ടിക്കാട്ടാവുന്ന ഒരു വില്ലേജ് ഒാഫീസ് മലപ്പുറത്തുണ്ട്. രേഖകളെല്ലാം കയ്യിലുളളവര്‍ക്ക് പത്തു മിനിട്ടിനകം കാര്യം സാധിച്ച് മടങ്ങിപ്പോവാം. സി.സി.ടി.വി കണ്ണുകള്‍ക്കൊപ്പം 24 മണിക്കുറും സേവനവും  ലഭ്യമാണ്.

സര്‍ക്കാര്‍ കാര്യം മുറ പോലെ എന്ന് പാണക്കാട് വില്ലേജ് ഒാഫീസില്‍ എത്തി ഇനിയാരും പറയരുത്. സ്വകാര്യ സ്ഥാപനങ്ങളെ വെല്ലുന്ന രീതിയിലാണ് വില്ലേജ് ഒാഫീസിന്റെ കെട്ടും മട്ടും പ്രവര്‍ത്തനവുമെല്ലാം. വില്ലേജ് ഒാഫീസറുടേയും ജീവനക്കാരുടേയുമെല്ലാം ഒാരോ നിമിഷവും സി.സി.ടി.വിയില്‍ ലൈവ് സ്ട്രീമിങ് വഴി തഹസീല്‍ദാര്‍ക്ക് കാണാം. വില്ലേജ് ഒാഫീസറുടെ വിസിറ്റിങ് കാര്‍ഡ് എല്ലാവര്‍ക്കും നല്‍കുന്നുണ്ട്. അത്യാവശ്യങ്ങള്‍ക്ക് ഒാണ്‍ലൈനായി അപേക്ഷ നല്‍കിയാല്‍ ഏത്ര രാത്രിയായാലും സര്‍ട്ടിഫിക്കറ്റ് റെഡിയാണ്. 

വില്ലേജ് ഒാഫീസര്‍  ഒാഫീസില്‍ ഇല്ലാത്ത ദിവസങ്ങളില്‍ ഒാഫീസ് പരിധിയിലുളളവരുടെ ഫോണുകളില്‍ വിവരമറിയാം. നേരിട്ടു ഫോണ്‍ വിളിച്ച ശേഷം നിര്‍ദേശപ്രകാരമുളള രേഖകളുമായി ഒാഫീസില്‍ എത്തിയാല്‍ 10 മിനിട്ടുകൊണ്ട് സര്‍ട്ടിഫിക്കറ്റുമായി മടങ്ങിപ്പോവാം. അപേക്ഷയുമായി എത്തുന്നവര്‍ക്ക് എല്ലാ സമയവും സംഗീതത്തിനൊപ്പം ഒപ്പം ടെലിവിഷനും ആസ്വദിക്കാം. വില്ലേജ് ഒാഫീസര്‍ താല്‍പര്യമെടുത്തതോടെ ജനകീയകൂട്ടായ്മയിലാണ് മാതൃകാ ഒാഫീസ് ഒരുങ്ങിയത്. പാതയോരത്തെ ഒാഫീസിനു മുന്നില്‍ വിശ്രമിക്കാന്‍ പൂന്തോട്ടവും ഇരിപ്പിടവുമുണ്ട്.