പ്രസവശേഷം യുവതിയുടെ മരണം, ആശുപത്രിക്ക് വീഴ്ചയില്ലെന്ന് റിപ്പോർട്ട്

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവശേഷം യുവതി മരിച്ച സംഭവത്തിൽ ഡോക്ടർമാര്‍ക്കോ ആശുപത്രി ജീവനക്കാര്‍ക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നു അന്വേഷണ റിപ്പോർട്ട്. ഗർഭപാത്രത്തിലെ ദ്രവം, രക്തത്തിൽ കലർന്നതു മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി.

കഴി‍ഞ്ഞ അഞ്ചാംതീയതിയാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വണ്ടാനം സ്വദേശിനി ജിനി മരിച്ചത്. ഡോക്ടര്‍മാരുടെ അനാസ്ഥായാണ് മരണകാരണം എന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചതോടെയാണ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചത്. ഗർഭപാത്രത്തിലെ ദ്രവം, രക്തത്തിൽ കലരുകയും ശ്വാസകോശത്തിലേക്കുള്ള രക്തക്കുഴലിൽ രക്തം കട്ടപിടിക്കുകയും ചെയ്തതാണ് മരണ കാരണമെന്നു റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർമാർക്കെതിരെ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്  മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ മന്ത്രി കെ.കെ.ശൈലജയുടെ ഓഫിസിന‍ു കൈമാറി

പ്രസവം നടന്നയുടൻ ഇത്തരം അവസ്ഥ സംഭവിക്കാം. ജിനിക്കു ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്നു വെന്റിലേറ്ററിന്റെ സഹായം ഉൾപ്പെടെ വിദഗ്ധ ചികിത്സ നൽകിയിരുന്നു.  മികച്ച ചികിത്സ നൽകുന്നതിൽ ആശുപത്രി ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഗർഭിണികള്‍ക്ക് പ്രസവശേഷം പെട്ടെന്നുണ്ടാകുന്ന ഗുരുതരാവസ്ഥയ്ക്കു ഡോക്ടർക്കു ചെയ്യാവുന്നതിന് പരിമിതിയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സി.പി.വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.