വെഞ്ഞാറമൂട് ജംങ്ഷനിലെ ഗതാഗത സ്തംഭനമൊഴിവാക്കാന്‍ അടിയന്തരയോഗം വിളിക്കും

തിരുവനന്തപുരം വെഞ്ഞാറമൂട് ജംങ്ഷനിലെ ഗതാഗത സ്തംഭനമൊഴിവാക്കാന്‍ അടിയന്തരയോഗം വിളിക്കുമെന്ന് വാമനപുരം എം.എല്‍.എ ഡി.െക മുരളി. പൊലീസിന്റേയും പഞ്ചായത്തിന്റെയും തൊഴിലാളി യൂണിയനുകളുടേയും അഭിപ്രായം തേടിയശേഷം കുരുക്കഴിക്കാന്‍ നടപടിയെടുക്കും. റിങ് റോഡ് പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും എം എല്‍ എ പറഞ്ഞു. വെഞ്ഞാറമൂട്ടിലെ കുരുക്കിന്റെ കാരണങ്ങളും പരിഹാരങ്ങളും തേടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മനോരമ ന്യൂസ് സംഘടിപ്പിച്ച നാട്ടുകൂട്ടം പരിപാടിയിലായിരുന്നു എം എല്‍ എയുടെ ഉറപ്പ്. 

കുരുക്കില്‍ വലയുന്ന ജനം പരാതിക്കെട്ടഴിച്ചു മനോര ന്യൂസ് നാട്ടു കൂട്ടത്തില്‍. പണ്ടേ അണഞ്ഞുപോയ സിഗ്നല്‍ ലൈറ്റുകള്‍.റോഡിലേയ്ക്ക് തള്ളി നില്ക്കുന്ന കടകള്‍. കൈയേറ്റക്കാര്‍ എല്ലാം ജനം ചൂണ്ടിക്കാണിച്ചു. 

ട്രാഫിക് പരിഷ്കാരം കൃത്യമായി നടപ്പാക്കണമെന്ന് കെ.പി.സി.സി നിര്‍വാഹകസമിതിയംഗം ഇ.ഷംസുദീന്‍. അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി എം ബാലമുരളി 

കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് ബസുകള്‍ക്ക് കയറാനും ഇറങ്ങാനുമുള്ള വഴി തിരക്കൊഴിഞ്ഞ ഭാഗത്തേക്ക് മാറ്റണമെന്ന അഭിപ്രായവും ഉയര്‍ന്നു. നാട്ടുകൂട്ടത്തിലുയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് പരിഹാരം കാണുമെന്ന് എം എല്‍ എയുടെ ഉറപ്പ്. 

നാട്ടുകൂട്ടത്തിന്റെ പൂര്‍ണരൂപം ഇന്നു രാത്രി 7.30ന് മനോരമ ന്യൂസില്‍ കാണാം.