തലസ്ഥാനത്ത് പ്രതിമ വിവാദം പുകയുന്നു

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും പ്രതിമാവിവാദം. സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയ്ക്ക് ഫെഡറല്‍ ബ്ളോക് പാര്‍ട്ടി അനധികൃതമായി പച്ച പെയിന്റ് അടിച്ചു. നേതാജിയെയും ശില്‍പിയെയും അപമാനിച്ചെന്ന ആരോപിച്ച് കാനായി കുഞ്ഞിരാമന്‍ പരാതി നല്‍കി. പ്രതിമ പൂര്‍വ സ്ഥിതിയിലാക്കാന്‍ കോര്‍പ്പറേഷന്‍ ഇടപെടുന്നില്ലെന്നും ആക്ഷേപം. 

1981ല്‍ തിരുവനന്തപുരം പി.എം.ജിയില്‍ കാനായി കുഞ്ഞിരാമന്‍ നിര്‍മിച്ച സുബാഷ് ചന്ദ്രബോസിന്റെ ഈ പ്രതിമയുടെ നിറം കറുപ്പായിരുന്നു. രണ്ട് ദിവസം മുന്‍പ് അത് പച്ചയായി മാറി. കണ്ണടയ്ക്ക് സ്വര്‍ണനിറവും. ശില്‍പിയോടും നഗരസഭയോടും അനുവാദം ചോദിക്കാതെ നേതാജിയുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന അഖിലേന്ത്യ ഫെ‍ഡറല്‍ ബ്ളോക് പ്രവര്‍ത്തകരാണ് നിറം മാറ്റിയടിച്ചത്. നേതാജിക്കിഷ്ടം പച്ചനിറമെന്ന വിചിത്രവാദമാണ് കാരണമായി പറയുന്നത്. 

കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയ ശില്‍പി പ്രതിമ പൂര്‍വസ്ഥിതിയിലാക്കണമെന്ന് മേയറോട് ആവശ്യപ്പെട്ടു. എന്നാല്‍ കേസെടുത്താലും നിറം മാറ്റിയടിക്കില്ലെന്ന നിലപാടിലാണ് പാര്‍ട്ടിക്കാര്‍. പ്രതിമ കോര്‍പ്പറേഷന്റേതല്ലെന്ന് പറഞ്ഞ് നഗരസഭയും കയ്യൊഴിഞ്ഞു. ഇതോടെ നേതാജിയുടെ പ്രതിമ ഈ കോലത്തില്‍ തുടരേണ്ടിവരുമെന്നാണ് ആശങ്ക. രണ്ട് മാസം മുന്‍പ് കുമാരനാശാന്റെ പ്രതിമയ്ക്ക് വെള്ളിനിറം അടിച്ചതും വിവാദമായിരുന്നു.