കോർപ്പറേഷനിലെ സംഘർഷം സ്മാർട് സിറ്റി പദ്ധതിയെ ബാധിക്കുമെന്ന് ആശങ്ക

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം തലസ്ഥാനത്തെ സ്മാർട് സിറ്റി പദ്ധതിയെ ബാധിക്കുമെന്ന് ആശങ്ക. മേയർ ആശുപത്രിയിലായതിനാൽ ഈ ആഴ്ച നടക്കേണ്ടിയിരുന്ന കൺസൾട്ടൻസി തിരഞ്ഞെടുപ്പ് നീണ്ടുപോകുമെന്നാണ് ആശങ്ക. അതേ സമയം അക്രമം അഴിച്ചുവിട്ട ബി.ജെ.പി കൗൺസിലർമാരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെടാൻ എൽ.ഡി.എഫിൽ ആലോചന തുടങ്ങി. 

കോർപ്പറേഷനിലെ സംഘർഷം മൂലം തലസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ സ്മാർട് സിറ്റി വൈകുമെന്ന ആശങ്കയാണ് ശക്തമാവുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിച്ചിട്ടുണ്ടെങ്കിലും മേയർ വി.കെ. പ്രശാന്തിന്റെ നേരിട്ടുള്ള ഇടപെടലിലാണ് പ്രാരംഭ നടപടികൾ പുരോഗമിച്ചിരുന്നത്. നിർമാണങ്ങളുടെ കരാർ ഏറ്റെടുക്കാനുള്ള കൺസൾട്ടൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്ന സമയമാണിപ്പോൾ. ഒരു മാസമായി ലഭിച്ച അപേക്ഷകൾ പരിശോധിച്ച് മറ്റന്നാൾ തുടർ നടപടി സ്വീകരിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. നിലവിലെ അവസ്ഥയിൽ മെയർക്ക് രണ്ടാഴ്ചത്തെയെങ്കിലും വിശ്രമം വേണ്ടിവരും. ഇതോടെ ടെണ്ടറടക്കമുള്ള നടപടി നീണ്ടു പോകുമോയെന്നാണ് ആശങ്ക. എന്നാൽ പദ്ധതിയെ ബാധിക്കാതിരിക്കാൻ ശ്രമം തുടങ്ങി.