വർക്കലയിൽ വിദ്യാർഥിയുടെ മരണം; ജീവനക്കാരുടെ അനാസ്ഥ ആരോപിച്ച് മാർച്ച്

തിരുവനന്തപുരം വർക്കലയിൽ അപകടത്തിൽ പെട്ടു ആശുപത്രിയിലെത്തിച്ച എസ്.എൻ കോളജ് വിദ്യാർഥി മരിക്കാനിടയായ സംഭവത്തിൽ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ ആരോപിച്ചു വിദ്യാർഥികളുടെ മാർച്ച്. വർക്കല എസ്.എൻ ആശുപത്രിയിലെത്തിച്ച വിദ്യാർഥിയെ തുടർചികിൽസയ്ക്കായി മെഡിക്കൽ കോളജിൽ കൊണ്ടുപോകാൻ ആംബുലൻസ് നിഷേധിച്ചെന്നാണ് ആരോപണം. 

കഴിഞ്ഞ ശനിയാഴ്ച വാഹനാപകടത്തിൽ പെട്ട വർക്കല എസ്.എൻ കോളജ് രണ്ടാംവർഷ ബിരുദ വിദ്യാർഥി സച്ചിനെ ആദ്യമെത്തിച്ചത് വർക്കല എസ്.എൻ മിഷൻ ആശുപത്രിയിലായിരുന്നു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലെക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ പണം അടയ്ക്കാത്തതിനാൽ ആംബുലൻസ് വിട്ടുനൽകാൻ ആശപത്രി അധികൃതർ വിസമ്മതിച്ചെന്നാണ് ആരോപണം. മെഡിക്കൽ കോളജിലെത്തിക്കാൻ താമസിച്ചതാണ് മരണകാരണമെന്നും ഇവർ ആരോപിക്കുന്നു. 

തുടർന്നായിരുന്നു ആശുപത്രിക്കെതിരെയുള്ള വിദ്യാർഥികളുടെ മാർച്ച്. പൊലീസ് ബാരിക്കേഡ് തകർത്ത് മുന്നോട്ടുനീങ്ങാൻ ശ്രമിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് ലാത്തിവീശി.