മദ്യപാനികൾക്കായി ആധുനിക സൗകര്യങ്ങളൊരുക്കി തിരുവനന്തപുരം നെട്ടയത്തെ ബവ്റിജസ് മദ്യശാല. ഇവിടെയെത്തിയാൽ മദ്യം വാങ്ങാൻ ക്യൂ നിൽക്കേണ്ട. പകരം ടോക്കണെടുത്ത് കസേരയിൽ വിശ്രമിച്ചാൽ മതി. നെട്ടയത്തെ മദ്യശാലയുടെ ഗേറ്റ് കടന്നാലുടൻ സെക്യൂരിറ്റിയെത്തി അതിഥിയെ പ്പോലെ സ്വീകരിക്കും. ടോക്കണും മാർഗനിർദേശവും അവിടെ കിട്ടും. ടോക്കൺ പിടിച്ച് കാത്തുനിൽക്കേണ്ട.ഇരിക്കാം.ഇഷ്ടംപോലെ കസേരകൾ.അങ്ങിനെ വിശ്രമിച്ചിരിക്കുമ്പോൾ നമ്മുടെ ടോക്കൺ വിളിക്കും.
പിന്നെ കൗണ്ടറിലെത്തിയാൽ ഞൊടിയിടയിൽ കുപ്പി റെഡി.തിക്കണ്ട.തിരക്കണ്ട.വെയിലുകൊള്ളണ്ട. ക്യൂനിന്ന് വാങ്ങുന്ന ഒരു സുഖം ടോക്കണിൽ കിട്ടുന്നില്ലെന്ന പരാതികളുമുണ്ട്. മദ്യശാലയുടെ പുതിയ കെട്ടിടത്തിൽ ആവശ്യത്തിന് സൗകര്യമുള്ളതിനാലാണ് ഈ ഗംഭീരസൗകര്യങ്ങൾ. കെട്ടിടം തന്നാൽ സൗകര്യമൊരുക്കാൻ എവിടെയും കൂടെയുണ്ടെന്നാണ് ബവ്കോയുടെ ഉറപ്പ്.