വിനോദയാത്രയ്ക്കിടെ മദ്യപിച്ചില്ലെന്ന് തെളിഞ്ഞിട്ടും പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയതിനെതിരെ വയനാട് മീനങ്ങാടി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. പഠിപ്പുമുടക്കിയ വിദ്യാര്‍ഥികള്‍ സ്കൂള്‍ മുറ്റത്ത് കുത്തിയിരിക്കുകയാണ്. പ്രിന്‍സിപ്പലിനോട് കാണിക്കുന്നത് പ്രതികാര നടപടി എന്നാണ് മാനേജിങ് കമ്മിറ്റിയുടെയും കുട്ടികളുടെയും ആരോപണം.
സ്കൂള്‍ വിനോദയാത്രയ്ക്കിടെ പിടിഎ പ്രസിഡന്റും പ്രിന്‍സിപ്പലും മദ്യപിച്ചെന്ന് ചില കുട്ടികളും ഒരു വിഭാഗം രക്ഷിതാക്കളും ആരോപിച്ചിരുന്നു. എന്നാല്‍, രകത് പരിശോധനയില്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷണന് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. എന്നാല്‍, രാത്രിയാത്ര പാടില്ലെന്നത് ഉള്‍പ്പെടയുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വിനോദയാത്ര നടത്തിയതെന്ന് പരാതി അന്വേഷിച്ച് ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ റിപ്പോര്‍ട്ട് നല്കി. ഇതിന്റ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയത്. എന്നാല്‍, പ്രിന്‍സിപ്പലിനെ മാത്രം ബലിയാടാക്കുന്നത് ശരിയല്ലെന്ന് ആരോപിച്ച് കുട്ടികള്‍ ഒന്നടങ്കം ക്ലാസ് ബഹിഷ്കരിച്ച് സമരത്തിനിറങ്ങുകയായിരുന്നു.
സ്ഥലംമാറ്റത്തിനെതിരെ ഇടതുപക്ഷ അധ്യാപക സംഘടനയായ കെഎസ്ടിഎ മീനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും ആലോചിക്കുന്നുണ്ട്. അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വ്യക്തത വരുത്താൻ പിടിഎ പ്രസിഡന്റ് ഹാജിസും രംഗത്തെത്തി. എന്തായാലും പ്രിന്‍സിപ്പലിന്റ സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കുന്നതു വരെ പഠിപ്പുമുടക്കുമായി മുന്നോട്ടുപോകാനാണ് തീരുമാനം.