rain
  • വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകളും ട്യൂഷൻ സെന്ററുകളും മദ്രസകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി നൽകി.

കനത്ത മഴയെ തുടര്‍ന്ന് വയനാട്ടില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദേശമനുസരിച്ച് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധി ബാധകമാണ്. 

റെസിഡൻഷ്യൽ സ്കൂളുകളിലെയും കോളേജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപനമേധാവികൾ ഉറപ്പുവരുത്തേണ്ടതാണെന്നും സാഹചര്യം അനുസരിച്ച് ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നൽകാവുന്നതുമാണെന്നും ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.

വയനാട്ടില്‍ ശക്തമായ മഴ തുടരുകയാണ്. സുരക്ഷ മുന്‍നിര്‍ത്തി മേപ്പാടിയിലെ കള്ളാടി ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ബോയ്‌സ് ടൗണ്‍–പാല്‍ച്ചുരം റോഡില്‍ ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ ഞായറാഴ്ച  രാവിലെ ആറു മണി വരെ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ ആവശ്യങ്ങള്‍ ഒഴികെ മലമ്പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. 

വൈത്തിരി, ലക്കിടി മേഖലകളിൽ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തിൽ വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. താമരശ്ശേരി ചുരത്തിലൂടെ അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി നല്‍കുന്നത്. ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Continuous heavy downpours have prompted authorities to declare a holiday for all educational institutions in Wayanad following a red alert issued by the India Meteorological Department. The district administration has also imposed strict night travel bans on the Boys Town-Palchuram route and prohibited general traffic toward Meppadi Kalladi due to severe weather risks. In addition, non-essential travel between Wayanad and Kozhikode via the Thamarassery Churam has been strongly discouraged, with heavy vehicles and tourists facing strict movement controls. District Collector D.R. Meghasree urged residents to remain extremely cautious and avoid hilly areas unless absolutely necessary.