house-helppkg

TOPICS COVERED

ഒരു ദിവസം പോലും ഒഴിയാതെ മരണത്തോട് മല്ലിടുന്ന ചില മനുഷ്യരുണ്ട് നമുക്കു ചുറ്റും. അങ്ങനെ വയനാട് പൊഴുതനയിൽ ഒറ്റ മുറി കൂരയിൽ കഴിയുകയാണ് കാൻസർ ബാധിതയായ അമ്മ രാധാമണിയും സംസാരശേഷിയില്ലാത്ത മകൻ അജിത് കുമാറും. അവരുടെ ആ ജീവിത കഥയിലേക്ക് പ്രകൃതിയിൽനിന്ന് അരിച്ചെത്തുന്ന തണുപ്പിനെ അവർക്കു പേടിയില്ല, മറിച്ച് ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും കൊടുംചൂടാണ് ഈ അമ്മയെയും മകനെയും ദഹിപ്പിച്ചു കൊണ്ടിരിക്കുന്നത്. കാൻസർ എന്ന മാരകവ്യാധി രാധയുടെ ശരീരത്തെ കാർന്നുതിന്നാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. എഴുന്നേറ്റു നിൽക്കാൻ പോലും ശേഷിയില്ലാതെ, കട്ടിലിലേക്ക് ചുരുങ്ങിപ്പോയ ജീവിതം. 

നേരത്തേ തന്നെ വിധിയുടെ വിളയാട്ടം ഇരുപതുവയസുകാരനായ മകൻ അജിത്ത് കുമാറിനെ നിശബ്ദനാക്കിയിരുന്നു. അമ്മയോടുള്ള സ്നേഹവും ഉള്ളിലെ സങ്കടവും പ്രകടിപ്പിക്കാൻ സംസാരശേഷിയില്ലാത്ത അവനു കഴിയുന്നില്ല. കിടപ്പിലായ അമ്മയ്ക്ക് ആഹാരം പാകം ചെയ്തു നൽകുന്നതും അവരെ പരിചരിക്കുന്നതുമെല്ലാം ഈ ഇരുപതുകാരനാണ്. വൈദ്യുതി പോലുമില്ലാത്ത ഒറ്റ മുറി വീട്ടിൽ കുടിവെള്ളം എടുക്കാൻ പോകുന്നത് ദുർഘടമായ ഈ വഴിയിലൂടെ. 

മരുന്നിനും ഭക്ഷണത്തിനുമായി ഈ കുടുംബത്തിന് ആകെയുള്ളത് മകന് കിട്ടുന്ന പെൻഷൻ തുക മാത്രമാണ്. പലപ്പോഴും പട്ടിണി തന്നെയാണ് ഇവരുടെ കൂട്ട്. നാട്ടുകാരുടെ കാരുണ്യം കൊണ്ട് മാത്രമാണ് ജീവൻ നിലനിർത്താനുള്ള വക ലഭിക്കുന്നത്.

മരുന്നിന്റെ മണവും ദാരിദ്ര്യത്തിൻ്റെ വേദനയും മാത്രം നിറഞ്ഞ ഈ ഒറ്റമുറി കൂരയിലേക്ക് കാരുണ്യത്തിന്റെ ഒരിത്തിരി വെളിച്ചം പകരാൻ ആരുണ്ടാവും. ആ മകന്റെ മൌനമായൊഴുകുന്ന കണ്ണീരിനും, വേദനയാൽ പിടയുന്ന ആ അമ്മയുടെ പ്രാർഥനയ്ക്കും ഉത്തരമേകാൻ സുമനസ്സുകൾ മുന്നോട്ട് വരുമെന്ന  പ്രതീക്ഷയില്‍ 

ENGLISH SUMMARY:

This is the heart-wrenching story of Radhamani, a cancer patient in Wayanad, Kerala, and her mute son Ajith Kumar, who are battling extreme poverty and illness. Their resilience in the face of immense hardship is a testament to the human spirit's strength.