വയനാട് പനമരം കൊളത്താറ ആദിവാസി ഉന്നതിയിലെ മൂന്ന് കുടുംബങ്ങൾ ദുരിതത്തിൽ. ഒരു മഴ പെയ്താൽ തകർന്നുവീഴുന്ന കുടിലുകളിലാണ് ഇവരുടെ താമസം. നൽകിയ ഉറപ്പുകൾ ഒന്നും പാലിക്കാതെ അധികൃതർ.
വയനാടിന്‍റെ പച്ചപ്പിനിടയിൽ കണ്ണുനീരിന്റെ നനവുള്ള ചില ജീവിതങ്ങളുണ്ട്. പനമരം കൊളത്താറ ആദിവാസി ഉന്നതിയിലെ മൂന്ന് കുടുംബങ്ങൾ. ഒരു കാറ്റടിച്ചാലോ മഴ പെയ്താലോ തകർന്നു വീഴാവുന്ന കുടിലുകളിൽ, ഉള്ളിലൊതുക്കിയ നിലവിളികളുമായി അവർ കഴിയാൻ തുടങ്ങിയിട്ട് കാലമേറെയായി. അധികൃതർ പലവട്ടം വന്നു, ഉറപ്പുകൾ നൽകി മടങ്ങി. പക്ഷേ, ഇന്നും ഈ മനുഷ്യർക്ക് കൂട്ടിനുള്ളത് ആകാശം കാണുന്ന മേൽക്കൂരകൾ മാത്രം.
ചോർന്നൊലിക്കുന്ന കൂരയ്ക്ക് താഴെ പാത്രങ്ങൾ നിരത്തിവെച്ച് മഴവെള്ളം ശേഖരിക്കുകയാണ് ഇവർ. കുടിലുകൾ ഏതു നിമിഷവും നിലംപൊത്താം. മാറിതാമസിക്കാൻ ഒരിടമില്ല, പുതിയ വീട് പണിയാൻ സാമ്പത്തികവുമില്ല. പല പദ്ധതികളിൽ പേര് നൽകിയിട്ടും സാങ്കേതിക നൂലാമാലകൾ പറഞ്ഞ് ഇവരെ അധികൃതർ മടക്കി അയയ്ക്കുകയാണ്. പനമരം പുഴയോരത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശം കാലവർഷം എത്തുന്നതോടെ കൂടുതൽ അപകടത്തിലാകും . ഉദ്യോഗസ്ഥരുടെ ഫയലുകളിൽ ഈ കുടുംബങ്ങൾ വെറും അക്കങ്ങൾ മാത്രമായിരിക്കാം. പക്ഷേ, അവർക്ക് ഇത് ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ഇടയിലുള്ള പോരാട്ടമാണ്.