വയനാട് മൂടക്കൊല്ലി പ്രദേശത്തെ ഭീതിയിലാഴ്ത്തുന്ന കാട്ടാനയെ പിടികൂടാനുള്ള നടപടി സ്വീകരിക്കുമെന്ന് ഡി എഫ് ഒയുടെ ഉറപ്പ്. നാട്ടുകാരുമായുള്ള ചർച്ചയ്ക്കു ശേഷമായിരുന്നു തീരുമാനം. കഴിഞ്ഞദിവസം വയോധികയെ കാട്ടാന ആക്രമിച്ചതിനെത്തുടർന്ന് പ്രദേശവാസികൾ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.
വർഷങ്ങളായി മുടക്കൊല്ലിക്കാർ ഭീതിയിലാണ് ജീവിക്കുന്നത്. എപ്പോൾ വേണമെങ്കിലും കാട്ടാന ഇറങ്ങും. അതിന് രാത്രിയെന്നോ പകലെന്നോ ഇല്ല. കഴിഞ്ഞദിവസം രാവിലെയാണ് ശുചിമുറിയിൽ പോകുന്നതിന് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോൾ 80 കാരിയായ തങ്കമ്മയെ കാട്ടാന ആക്രമിക്കുന്നത്. രണ്ട് കാലുകളുടെയും എല്ലുകൾക്ക് പൊട്ടലേറ്റ തങ്കമ്മ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കാട്ടായ പിടികൂടണമെന്നും, ചികിത്സാ ചെലവ് ലഭിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ഇരുളം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. തുടർന്ന് നാട്ടുകാരും ഡി എഫ് യു മായുള്ള ചർച്ചയ്ക്ക് ശേഷം പ്രശ്നം പരിഹാരം കണ്ടു. ഡി എഫ് ഒ ഉറപ്പു നൽകിയെങ്കിലും കാട്ടാനയെ പിടികൂടാനുള്ള ഉത്തരവ് ലഭിച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധത്തിന് ഒരുങ്ങാനാണ് പ്രദേശവാസികൾ തീരുമാനിച്ചിരിക്കുന്നത്.