വയനാട് അമ്പലവയലിൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ കാറ്റാടി മരങ്ങൾ അനധികൃതമായി മുറിച്ചു നീക്കി. 40 ഓളം മരങ്ങളാണ് മുറിച്ചത്. മരങ്ങൾ ജീവനക്കാരന്‍റെ ക്വട്ടേഴ്സിന് സമീപത്തുനിന്ന് കണ്ടെടുത്തു. വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രം മേധാവി ജീവനക്കാർക്ക് നോട്ടിസ് നൽകി.
കാർഷിക ഗവേഷണ കേന്ദ്രത്തിലെ ട്രീ റജിസ്റ്ററിൽ ഉൾപ്പെടുത്തിയ കാറ്റാടി മരങ്ങളാണ് അനധികൃതമായി മുറിച്ചു നീക്കിയത്. വനം വകുപ്പിൻറെ അനുമതി പോലുമില്ലാതെയാണ് സംഭവം നടന്നത്. പരാതികൾ ഉയർന്നതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കേന്ദ്രത്തിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സിന് സമീപത്തുനിന്ന് മുറിച്ചിട്ട മരങ്ങൾ കണ്ടെടുത്തു.
മരങ്ങളുടെ ചെറുതും വലുതുമായ കഷണങ്ങൾ ഉണ്ട്. മരം മുറിച്ച സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി. അപ്പോഴാണ് ജീവനക്കാരന്‍റെ കോട്ടേഴ്സിന് സമീപത്തുനിന്ന് മുറിച്ചിട്ട മരങ്ങൾ കണ്ടെടുത്തത്. ഇവർക്ക് സ്ഥലം മേധാവി കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുകയാണ്. കുറച്ച് ദിവസങ്ങളായി കുരുമുളക് കൃഷിക്ക് സ്ഥലം ഒരുക്കുന്നതിന് മരം മുറിക്കുന്നുണ്ടായിരുന്നു. എന്നാൽ കൃഷിക്കായുള്ള സ്ഥലത്തേക്കാൾ കൂടുതൽ മറ്റുള്ള ഭാഗങ്ങളിലെ വലിയ മരങ്ങൾ മുറിച്ചു നീക്കി.ഫാം ജീവനക്കാരുടെ എണ്ണം കുറവായതിനാൽ ചില ലാബ് അസിസ്റ്റൻറ്മാർക്കായിരുന്നു മരം മുറി നടന്ന സ്ഥലത്തെ ചുമതല നൽകിയിരുന്നത്. ഇവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചു നീക്കിയതെന്നാണ് പ്രാഥമിക വിവരം.