തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് തിരുവമ്പാടിയുടെ കൊടി ഉയര്‍ത്തുന്ന പഴയ ആല്‍മരം മുറിച്ചുമാറ്റി പുതിയത് നട്ടു. കര്‍ണാടകയിലെ ഹൊസൂരില്‍ നിന്നാണ് പുതിയ ആല്‍മരതൈ കൊണ്ടുവന്നത്. തൈ നട്ടതാകട്ടെ വനഗവേഷണ വകുപ്പിലെ ശാസ്ത്രഞ്ജരുടെ സാന്നിധ്യത്തിലും.
വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നായ്ക്കലാലില്‍ ആല്‍മരം ഉണങ്ങി നിന്നിരുന്നു. മരം ഏതുസമയവും ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലായിരുന്നു. അങ്ങനെയാണ്, മരം മുറിച്ചുമാറ്റി പുതിയ ആല്‍മര തൈ നടാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രഞ്ജരുടെ കൂടി അഭിപ്രായം മാനിച്ചാണ് കര്‍ണാടകയിലെ ഹൊസൂരില്‍ നിന്ന് തൈ കൊണ്ടുവന്നത്. തിരുവമ്പാടി ദേശക്കാര്‍ പൂരത്തിന് കൊടിയേറ്റി എഴുന്നള്ളിപ്പുമായി വരുമ്പോള്‍ നായ്ക്കനാലിലെ ആല്‍മരത്തിലും കൊടി ഉയര്‍ത്തും. തിരുവമ്പാടി ദേശക്കാര്‍ക്ക് പ്രിയപ്പെട്ട ഇടം കൂടിയാണിത്.
നാലു വര്‍ഷം കഴിയണം തൈ വളര്‍ന്ന് ആല്‍മരമായി മാറാന്‍. അതുവരെ, ദിവസവും വെള്ളമൊഴിച്ച് പരിപാലിക്കണം. തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്ന് നാഗസ്വരത്തിന്‍റെ അകമ്പടിയോടെയാണ് ആല്‍മരതൈ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് എത്തിച്ചത്.